Latest News

  

ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങി

പാരിസ്: ഫ്രാന്‍സില്‍നിന്ന് വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യ ഏറ്റുവാങ്ങി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്.[www.malabarflash.com]

ബോര്‍ദോ മെരിഗ്‌നാക് വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ആയുധപൂജയ്ക്കു ശേഷമാണ് പ്രതിരോധ മന്ത്രി റഫാല്‍ വിമാനം കൈപ്പറ്റിയത്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരിസില്‍നിന്ന് മെരിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

ഇതു ചരിത്രദിവസമാണെന്നും റഫാല്‍ വിമാനം വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് ചടങ്ങില്‍ പറഞ്ഞു. 

റഫാല്‍ വിമാന കൈമാറ്റത്തോടെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് എത്തിയത്. 

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു. അതിനുശേഷം റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.