Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് കടിഞ്ഞാണില്ലാതെയെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ആദ്യമായി വിരുന്നെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് കടിഞ്ഞാണില്ലാതെയെന്ന ആക്ഷേപം ശക്തം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ജനപ്രതിനിധികള്‍ മാറി നിന്നതിനാല്‍ ഉദ്യോഗസ്ഥ നേതൃത്വത്തിലായിരുന്നു സംഘാടക സമിതി രൂപീകരിച്ചത്.[www.malabarflash.com] 

എന്നാല്‍ വിവിധ അധ്യാപക സംഘടനകളുടെ ഭാരവാഹികളെ ജനറല്‍ കണ്‍വീനര്‍ ആക്കിക്കൊണ്ടാണ് അന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്. സബ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അര്‍ഹരായ ആളുകളെ പിന്നീട് തെരഞ്ഞെടുക്കുമെന്നായിരുന്നു സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പലര്‍ക്കും തോന്നുംപടിയാണ് സബ് കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്.

ഓരോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഭാരവാഹികളായ സബ് കമ്മിറ്റികളില്‍ തോന്നിയ പോലെയാണ് അംഗങ്ങളെ ചേര്‍ത്തിരിക്കുന്നത്. സംഘാടകസമിതി ജനറല്‍ കമ്മിറ്റി പോലും അംഗീകൃത ലെറ്റര്‍പാഡ് അച്ചടിച്ചിട്ടില്ലെന്നിരിക്കെ സ്വന്തക്കാരെ കൂട്ടിച്ചേര്‍ത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയ സബ് കമ്മിറ്റികള്‍ ഇപ്പോഴേ ഭാരവാഹികളുടെ പേര് അച്ചടിച്ച് തോന്നിയ സ്ഥലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ തുടങ്ങി. 

കലോത്സവത്തിന്റെ ഡിജിറ്റല്‍ പ്രചരണോദ്ഘാടനം എന്ന പേരില്‍ കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം കെ എച്ച് കണ്‍ട്രക്ഷന്‍ ചെയര്‍മാന്‍ പട്ടുവത്തില്‍ മൊയ്തിന്‍ കുട്ടി ഹാജി നിര്‍വ്വഹിച്ചു. ഇതില്‍ പ്രചരണ കമ്മറ്റി വൈ ചെയര്‍മാന്‍സുകുമാരാന്‍ പൂച്ചക്കാടാണ് അധ്യക്ഷത വഹിച്ചത്.

പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ പോസ്റ്റര്‍ മത്സരം പ്രമോ വിഡിയോ മത്സരത്തിന്റെ പ്രഖ്യപനവും നടന്നു. എന്നാല്‍ ആരോരുമറിയാതെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കലോത്സവം നടക്കുന്നത് കാഞ്ഞങ്ങാട്ടാണെന്നിരിക്കെ പരിപാടി ചട്ടഞ്ചാലില്‍ സംഘടിപ്പിച്ചതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനു പിന്നാലെ സ്റ്റേജ് ആന്റ് ഡെക്കറേഷന്‍ കമ്മിറ്റിയുടെയും സുവനീര്‍ കമ്മിറ്റിയുടെയും യോഗവും ചേരുകയുണ്ടായി.

അതാത് മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെ ഒഴിവാക്കിക്കൊണ്ട് സ്വന്തക്കാരെ തിരുകിക്കയറ്റിയ കമ്മിറ്റികളാണ് ഇത്തരത്തില്‍ യോഗം ചേരുന്നത്. അതേ സമയം കലോത്സവത്തിന്റെ ഏറ്റവും പ്രധാന കമ്മിറ്റികളിലൊന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മീഡിയ കമ്മിറ്റി. എന്നാല്‍ മീഡിയ കമ്മിറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും ഒന്നായാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് തികച്ചും വൈരുദ്ധ്യമാണ്. 

മാധ്യമ പ്രവര്‍ത്തകരുടെ ചുമതലകളും മറ്റും നിര്‍വ്വഹിക്കുന്നതാണ് മീഡിയാ കമ്മിറ്റി. എന്നാല്‍ മീഡിയാ കമ്മിറ്റിയെ പബ്ലിസിറ്റി കമ്മിറ്റിക്കൊപ്പം ചേര്‍ത്തതിനെതിരെ പ്രസ് ക്ലബ്ബ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

ഇങ്ങനെ തോന്നുംപോലെ സബ് കമ്മിറ്റികള്‍ രൂപീകരിച്ചാല്‍ വളരെ നല്ല നിലയില്‍ നടത്തേണ്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് തന്നെ താളം തെറ്റുമെന്ന അവസ്ഥയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ സമയപരിധി അവസാനിക്കുന്ന ഉടന്‍ തന്നെ സ്‌കൂള്‍ കലോത്സവത്തിന്റെ ജനറല്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പറഞ്ഞു. 

അടുത്ത് വിളിച്ചു ചേര്‍ക്കുന്ന ജനറല്‍ കമ്മിറ്റി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി വിപുലീകരിക്കുമെന്നും ജീവന്‍ബാബു പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.