Latest News

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എം.ഡി.എം.എയും കഞ്ചാവും എത്തിക്കുന്നയാള്‍ പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

മടവൂര്‍ പുല്ലാളൂര്‍ മേലെ മീത്തില്‍ ഉഷസ് നിവാസില്‍ രജിലേഷ് എന്ന അപ്പു (27) വിനെയാണ് ടൗണ്‍ എസ്.ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.സി ഹരിദാസന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്തത്. 

വില്‍പനയ്ക്കായ് കൊണ്ടുവന്ന ആറുഗ്രാം ക്രിസ്റ്റല്‍ മാതൃകയിലുള്ള എം.ഡി.എം എ യും 35 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ ഡി.ജെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു വരുന്നവരാണ് ന്യൂജന്‍ സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ ജില്ലയില്‍ എത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ലഹരിയില്‍ പുതുമ തേടുന്ന പുതുതലമുറയിലെ യുവതീ യുവാക്കളെയും വിദ്യാര്‍ഥികളെയുമാണ് ലഹരി മാഫിയ സംഘം ലക്ഷ്യം വെക്കുന്നത്. 

ഇത്തരം സിന്തറ്റിക്ക് ഡ്രഗുകള്‍ രൂപത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ ഇവ കണ്ടു പിടിക്കാന്‍ വളരെയധികം പ്രയാസമാണെന്നതും രക്ഷിതാക്കള്‍ക്കും മറ്റും തിരിച്ചറിയാതെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇവയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നത്. വീര്യം കൂടിയ ലഹരി ദീര്‍ഘസമയത്തേക്ക് ലഭിക്കുമെന്നതാണ് യുവതലമുറക്ക് ഈ ലഹരിയോടുള്ള മറ്റൊരു ആകര്‍ഷണം. 

വളരെ ചെറിയ ഓവര്‍ഡോസ് പോലും മരണത്തിന് വരെ കാരണമായേക്കാവുന്ന ലഹരി വസ്തുവാണ് എം.ഡി.എം.എ. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൗ പില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്.

നഗരത്തിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നിശാപാര്‍ട്ടികള്‍ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് ടൗണ്‍സി. ഐ ഉമേഷ് അറിയിച്ചു. 

ടൗണ്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജിത്ത്, എ.എസ്.ഐ സുബ്രഹ്മണ്യന്‍, സീനിയര്‍ സി.പി.ഒ പ്രകാശന്‍, സി.പി.ഒ മാരായ ഷബീര്‍, ശ്രീലിന്‍സ്, സജീഷ് ഡന്‍സാഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോന്‍ കെ.എ, നവീന്‍.എന്‍, സോജി.പി, രതീഷ്. എം.കെ, രജിത്ത് ചന്ദ്രന്‍, ജിനേഷ് എം, സുമേഷ് എ.വി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.