Latest News

പെരിന്തല്‍മണ്ണയിലെ ലഹരി വേട്ട; മുഖ്യ പ്രതി കാഞ്ഞങ്ങാട്ടെ മൊയ്തീന്‍ ജെയ്സലി പിടിയില്‍

പെരിന്തല്‍മണ്ണ: നഗരത്തില്‍ നിന്ന് 1.470 കിലോഗ്രാം ഹാഷിഷ് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി താഹിറ മന്‍സിലില്‍ മൊയ്തീന്‍ ജെയ്‌സലി(37)നെയാണ് പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ സിഐ വി ബാബുരാജ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മൊയ്തീന്‍ ജെയ്‌സല്‍ എന്ന ജെയ്‌സല്‍ മുമ്പ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഖത്തറില്‍ വച്ച് പരിചയപ്പെട്ട ചിലരുമായി ചേര്‍ന്ന് പിന്നീട് മയക്കുമരുന്ന് കടത്തിലേര്‍പ്പെടുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. 

ഏജന്റുമാരെ ഉപയോഗിച്ച് കേരളത്തിലും പുറത്തുമുള്ള എയര്‍പോര്‍ട്ടുകളിലോ പരിസരങ്ങളിലോ വച്ച് ബാഗേജുകള്‍ കൈമാറുകയാണ് ഇവരുടെ രീതിയെന്നും ബാഗുമായെത്തിയ കാരിയറെ തിരിച്ചറിയത്തക്ക വിവരങ്ങളൊന്നും തന്നെ സംഘത്തിലുള്ളവര്‍ പാസഞ്ചറിന് നല്‍കാറില്ലെന്നും പോലിസ് പറയുന്നു.
മയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നല്‍കുന്നത് ഇതേകേസില്‍ ഖത്തറില്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്‌സപ്പ്/വിര്‍ച്ച്വല്‍ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാനായി നിര്‍ദ്ദേശിക്കുന്നതും. 

ഖത്തര്‍ ജയിലില്‍ നിന്നും ഏജന്റുമാരെ പരസ്പരം ബന്ധിപ്പിക്കുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇതുവഴി ജയിലില്‍ കിടന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ഈ സംഘത്തില്‍പെട്ടവരാണ്. മലയാളികളും കൂടെ ശ്രീലങ്ക,നേപ്പാള്‍ എന്നീ രാജ്യത്തുള്ളവരുമുണ്ടെന്നും വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു.
വാട്‌സാപ്/വിര്‍ച്വല്‍ നമ്പര്‍ വഴി മാത്രം മറ്റുള്ളവരെ ബന്ധപ്പെടുന്ന ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജന്റുമാരെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാപോലിസ് മേധാവി കൂടിയായ യു അബ്ദുല്‍ കരീം ഐപിഎസ് നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും എഎസ്പി അറിയിച്ചു. 

പാസഞ്ചര്‍ അറിയാതെയും ഇത്തരം സംഘത്തിന്റെ ചതിയില്‍ പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എഎസ്പി പറയുന്നു . ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന പാസഞ്ചര്‍ക്ക് പുതിയ ബാഗും വിസയും ടിക്കറ്റും ഓഫര്‍ചെയ്യുമ്പോള്‍ ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലില്‍ തീര്‍ക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും എഎസ്പി രീഷ്മ രമേശന്‍ അറിയിച്ചു.

വ്യക്തമായി അറിയുന്നവരില്‍ നിന്നോ വിശ്വസിക്കാവുന്നവരില്‍ നിന്നോ മാത്രമേ ബാഗേജുകളും സ്വീകരിക്കാവൂ എന്നുകൂടി പ്രവാസികളെ ഒര്‍മ്മപ്പടുത്തുക കൂടി ചെയ്യുന്നതായും ജില്ലാപോലിസ് മേധാവി മുഖേന ഈ കാര്യങ്ങള്‍ ഖത്തര്‍ അധികൃതരെ അറിയിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രീഷ്മ രമേശന്‍ അറിയിച്ച. 

പെരിന്തല്‍മണ്ണ സിഐ വി ബാബുരാജ്, എസ്‌ഐ മഞ്ചിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഇ ജ മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ ,സുകുമാരന്‍, ഫൈസല്‍, മോഹന്‍ദാസ് പട്ടേരിക്കളം, പ്രഫുല്‍, സുജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത് .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.