Latest News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി NQAS സെർട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് ലഭിച്ച NQAS അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജാ ടീച്ചറില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ടുള്‍പ്പടെയുള്ള ഡോക്ടര്‍മാരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.[www.malabarflash.com]

ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ ആശുപത്രിയായാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് എന്ന സെര്‍ട്ടിഫിക്കറ്റിന് അര്‍ഹരായത്. ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്ന് വര്‍ഷങ്ങളിലായി നാല്‍പത് ലക്ഷം രൂപ വീതം ആശുപത്രിക്ക് ലഭിക്കും.

ഡോക്ടര്‍മാര്‍ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയതിന്റെ പരിണിതഫലം കൂടിയാണ് ഈ നേട്ടം കൈവരിക്കാന്‍ പറ്റിയത്. ജില്ലാ പഞ്ചായത്ത് ഇതിനു വേണ്ടി നിരവധി പദ്ധതികളാണ് ആവിശ്കരിച്ചതും നടപ്പിലാക്കിയതും.
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സെര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രിയായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാറിയിരിക്കുന്നു. 

2017ല്‍ കായകല്‍പത്തിന്റെ മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്. 2018ല്‍ അത് രണ്ടാം സ്ഥാനത്തെത്തി. 2019 ജനുവരിയോടു കൂടി കായകല്‍പത്തിന്റെ ഒന്നാം സ്ഥാനം ആശുപത്രിക്ക് ലഭിച്ചപ്പോഴാണ് NQAS ന്റെ സന്ദര്‍ശനം വരുന്നത്.  പ്രഗല്‍ഭരായ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന കേന്ദ്ര പരിശോധനാ സംഘം മൂന്ന് ദിവസക്കാലം പരിശോധന നടത്തിയിട്ടാണ് ആശുപത്രിയുടെ ക്വാളിറ്റി പരിശോധിച്ച് NQAS നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
നേട്ടങ്ങളുടെയെല്ലാം ഒരു ഫലമെന്നു പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിപ്പുറം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐ.പി വിഭാഗമാണെങ്കിലും ഒ.പി വിഭാഗമാണെങ്കിലും എല്ലാം 30-35 ശതമാനം വര്‍ദ്ധനവ് വന്നിരിക്കുന്നു എന്നുള്ളതാണ്. അത്രമാത്രം വലിയ നേട്ടമാണ് ആശുപത്രിക്ക് ഇതിലൂടെ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞത്. 

ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. 

ജനുവരി മാസത്തോടു കൂടി കാത്ത് ലാബ് സജ്ജമാകും. അതോടെ ജില്ലയില്‍ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആന്റിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കും. ആന്റിയോഗ്രാമും ആന്റിയോപ്ലാസ്റ്റിയും വരുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടമായിരിക്കും.
മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ജില്ലാ പഞ്ചായത്ത് തയ്യാറാക്കി വരുന്ന ഡി അഡിക്ഷന്‍ സെന്റര്‍ ഫെബ്രുവരിയോടു കൂടി പ്രവര്‍ത്തനം ആരംഭിക്കും. 

ഫെബ്രുവരി മാസത്തോടു കൂടി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട അഞ്ച് നില പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിക്കും. അതോടുകൂടി ആശുപത്രിയുടെ ഇന്നത്തെ എല്ലാ സ്ഥല പരിമിതിക്കും പരിഹാരം കാണാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ജില്ലാ പഞ്ചായത്തുള്ളത്.
ജില്ലാ ആശുപത്രി നേടിയ സമാനതകളില്ലാത്ത ഈ നേട്ടങ്ങളെല്ലാം ആത്മാര്‍ത്ഥമായി സഹകരിച്ച ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും മുഴുവന്‍ ജനപ്രതിനിധികള്‍, കാഞ്ഞങ്ങാട്ടെ സന്നദ്ധ - സാംസ്‌ക്കാരിക - രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പ്രവാസി സുഹൃത്തുക്കള്‍, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, സര്‍വ്വോപരി ആശുപത്രി സൂപ്രണ്ട് മുതല്‍ ഏറ്റവും താഴേത്തട്ടിലുള്ള ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.