Latest News

ഇന്ന് രാത്രി ആകാശത്തെ ‘ലിയോനിഡ്’ വിസ്മയം, കേരളത്തിലും കാണാം

ഉല്‍ക്കകളെയും വാല്‍നക്ഷത്രങ്ങളേയും ആകാശത്ത് കാണുക അപൂര്‍വ്വമാണ്. എന്നാല്‍, ഉല്‍ക്കകളുടെ മഴ തന്നെ ഇന്ന് പാതിരാത്രി (നവംബർ 18) ആകാശത്ത് പൊട്ടിവിരിയുന്നത് കാത്തിരിക്കുകയാണ് വാനനിരീക്ഷകരും ശാസ്ത്രലോകവും. ലിയോനിഡ് ഉല്‍ക്കാമഴ എന്ന പ്രതിഭാസമാണ് ലോകത്തിന്റെ കൗതുകം കൂട്ടാനെത്തുന്നത്.[www.malabarflash.com]

ഞായറാഴ്ച്ച പാതിരാത്രി രണ്ടുമണിക്കുശേഷം കിഴക്കോട്ട് കാലും നീട്ടി ആകാശം കാണാവുന്നവിധമുള്ള തുറസായ സ്ഥലത്ത് കിടന്നാല്‍ ഉല്‍ക്കകളുടെ മഴ തന്നെ കാണാനാകുമെന്നാണ് പ്രവചനം. ഈ ഉല്‍ക്കാമഴ പുലര്‍ച്ചെയും സൂര്യോദയത്തിനു ശേഷവും നീളുമെങ്കിലും ഇരുണ്ട ആകാശത്തായിരിക്കും വ്യക്തമായി കാണാനാവുക.

കേരളവും ഇന്ത്യയും അടങ്ങുന്ന ഉത്തരാര്‍ധ ഗോളത്തിലാണ് ഉല്‍ക്കാമഴ കൂടുതല്‍ വ്യക്തമായി കാണാനാവുക. നവംബര്‍ ആറ് മുതല്‍ മുപ്പത് വരെ ലിയോനിഡ് ഉല്‍ക്കകള്‍ ആകാശത്തു നിന്നും ഭൂമിയിലേക്ക് പതിക്കുമെങ്കിലും 18 നാണ് ഉല്‍ക്കാമഴയായി മാറുക.

നവംബര്‍ 12 നായിരുന്നു പൂര്‍ണ്ണചന്ദ്രന്‍ എന്നതിനാല്‍ നിലാവിന്റെ വെളിച്ചം ചിലപ്പോഴെല്ലാം ഉല്‍ക്കകളുടെ കാഴ്ചക്ക് പ്രതിബന്ധമായേക്കാം. മേഘങ്ങളില്ലാത്ത ആകാശത്തായിരിക്കും ഉല്‍ക്കാമഴ കൂടുതല്‍ തെളിമയോടെ കാണാനാവുക. ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഒന്നുമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് ഈ പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്ന് കാണാനാകും.

സൂര്യനെ വലം വെക്കുന്ന ടെമ്പൽ-ടട്ടിൽ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോണിഡ് ഉല്‍ക്കാമഴ ഉണ്ടാകുന്നത്. എല്ലാവര്‍ഷവും നവംബറിലാണ് ഇതുണ്ടാവാറ്. 33.3 വര്‍ഷമെടുത്ത് സൂര്യനെ വലംവെക്കന്ന ടെമ്പൽ-ടട്ടിൽ തന്റെ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്‍ക്കാമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്.

വലുപ്പം കുറഞ്ഞവയായതിനാല്‍ തന്നെ ലിയോണിഡ് ഉല്‍ക്കാമഴയെ തുടര്‍ന്നുണ്ടാകുന്ന ഉല്‍ക്കകളില്‍ ഒന്നുപോലും ഭൂമിയില്‍ വീഴാനുള്ള സാധ്യത വളരെ കുറവാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.