Latest News

മരട് ഫ്ലാറ്റ് പൊളിക്കൽ ജനുവരി 11നും 12നും ,ആറുസെക്കൻഡിൽ ഫ്ലാറ്റ് തവിടുപൊടിയാകും

കൊച്ചി: സ്ഫോടന ശബ്ദം തീർന്നില്ല. ദാ തവിടുപൊടിയായി കിടക്കുന്നു, 18 നില കൂറ്റൻ മന്ദിരം. ജനുവരി 11നും 12നുമായി മരടിലെ വിവാദ ഫ്ളാറ്റുകൾ നിലം പൊത്തുന്നത് ആറു മുതൽ 12 സെക്കൻഡുകൾക്കകം.[www.malabarflash.com]

ആൽഫ വെഞ്ചേഴ്സിന്റെ ഇരട്ട ടവറുകൾ, ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ലാറ്റുകളാണ് ആദ്യ ദിവസം പൊളിക്കുക. പിറ്റേന്ന് ജെയിൻ കോറൽ, ഗോൾഡൻ കായലോരം എന്നിവ പൊളിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

പൊളിക്കും മുമ്പ് ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കും. പൊളിക്കുന്നതിന്റെ സമയവും എത്രത്തോളം സ്‌ഫോടക വസ്തുക്കൾ വേണ്ടിവരുമെന്നും പിന്നീട് തീരുമാനിക്കും. പൊളിക്കുന്നത് കാണാൻ വൻജനാവലി എത്തുമെന്നതിനാൽ ശക്തമായ മുൻകരുതൽ സ്വീകരിക്കും. പൊളിക്കൽ ദിവസങ്ങളിൽ ദേശീയപാത വഴിയുള്ള ഗതാഗതം നിയന്ത്രിക്കും. പോലീസ് കമ്മിഷണർ ട്രാഫിക് പ്ളാൻ തയ്യാറാക്കും.

സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ജനുവരി 9നകമാണ് ഫ്ലാറ്റുകൾ പൊളിക്കേണ്ടത്. ചില സാങ്കേതിക പ്രശ്നങ്ങളുള്ളത് കൊണ്ടാണ് പൊളിക്കൽ രണ്ടു ദിവസം വൈകുന്നതെന്ന് ചീഫ് സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് കോടതിയെ ധരിപ്പിക്കും.

ജില്ലാ കളക്ടർ എസ്. സുഹാസ്, ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ചുമതല വഹിക്കുന്ന സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ, സാങ്കേതിക വിദഗ്ദ്ധൻ എസ്.ബി. സർവാതെ, നിർമാണ കമ്പനികളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മരടിൽ പൊളിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റാണ് 18 നിലകളുള്ള ഹോളി ഫെയ്ത്ത്. ഇതാണോ ആൽഫയിലെ ഇരട്ട കെട്ടിടങ്ങളാണോ ആദ്യം പൊളിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യ കെട്ടിടം പൊളിച്ച് മൂന്ന് മണിക്കൂറിന് ശേഷമായിരിക്കും രണ്ടാമത്തേതിൽ സ്ഫോടനം. ഫ്ലാറ്റുകളുടെ ഭിത്തികളും മറ്റും ഇപ്പോൾ പൊളിച്ചുമാറ്റുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.