Latest News

ഷെഹ്‌ലയുടെ വേദന ലോകം അറിഞ്ഞത് നിദ ഫാത്തിമയുടെ ഉറച്ച ശബ്ദത്തില്‍

വയനാട്‌: ‘ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്. ഷെഹ്‌ലയ്ക്ക് കസേരയിൽ ഇരിക്കാൻ പോലും വയ്യായിരുന്നു..ആ കുട്ടി മൂന്നാലു വട്ടം പറഞ്ഞു ആശുപത്രിയിൽ കൊണ്ടുപോകാൻ....’ [www.malabarflash.com]

ബത്തേരിയിലെ സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് മരണപ്പെട്ട ഷെഹ്‌ല ഷെറിന്റെ മരണം ലോകം അറിഞ്ഞത് ഈ വാക്കുകളിലൂടെയാണ്. ഷെഹ്‌ലയുടെ സഹപാഠിയായ നിദ ഫാത്തിമ എന്ന ഏഴാം ക്ലാസുകാരിയുടെ ശബ്ദമാണിത്... പ്രതികരണശേഷി വറ്റാത്ത പുതുതലമുറയുടെ ഉറച്ച വാക്കുകള്‍.

നിദയിലൂടെയാണ് ഷെഹ്‌ലയ്ക്കു സംഭവിച്ചതെന്തെന്നും അധ്യാപകന്റെ അനാസ്ഥയാണ് ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. അല്ലെങ്കിൽ ഒരു പക്ഷെ ഒരു സാധാരണ മരണമായി അതും മാറിയേനെ. സഹപാഠിക്ക് കിട്ടാതെ പോയ നീതിയെ കുറിച്ച് യാതൊരു സങ്കോചവുമില്ലാതെയാണ് അവൾ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. 

അധ്യാപകരുടെ അനാസ്ഥ മാത്രമല്ല സ്കൂളിന്റെ ശോചനീയാവസ്ഥയും ചെരുപ്പ് പുറത്തിട്ട് മാത്രം അകത്തു കയറാൻ അനുവദിക്കുന്ന മറ്റെങ്ങുമില്ലാത്ത 'ആചാര'ത്തെയും അവളുടെ വാക്കിലൂടെ പുറംലോകം അറിഞ്ഞു. നാളെയുടെ വാഗ്ദാനമാണിവളെന്നും ഉറച്ച പെൺശബ്ദമാണെന്നുമാണ് സമൂഹമാധ്യമങ്ങൾ നിദയെ വാഴ്ത്തുന്നത്.

ഷെഹ്‌ലയ്ക്കു വേണ്ടി സംസാരിക്കുന്നതിനു മുൻപും നിദയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആ ചിത്രം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ബന്ദിപ്പൂർ–മൈസൂർ ദേശീയപാതയിൽ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ ചുറുചുറുക്കോടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണിത്.

ബന്ദിപ്പൂർ യാത്രാനിരോധന സമരവുമായി ബന്ധപ്പെട്ട് ജോൺസൺ പട്ടവയൽ എന്ന ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രമാണിത്. നിദ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കുന്നതും സമരത്തിനിടയിലെ ചിത്രവും കോർത്തിണക്കിയും പ്രചരിക്കുന്നുണ്ട്. പലരുടെയും കവർഫോട്ടോയും പ്രൊഫൈൽ ചിത്രവുമൊക്കെയായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി ഇപ്പോൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.