കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ റിട്ട. എസ്.ഐയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെള്ളകം പറയക്കടവില്‍ പി.ആര്‍.ശശിധര(62) നെയാണ് ഞായറാഴ്ച്ച രാവിലെ ആറു മണിയോടെ ഗാന്ധിനഗര്‍ ബിവറേജ്, ഗുരുമന്ദിരം കവലയ്ക്ക് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
രാവിലെ അഞ്ചു മണിയോടെ തെള്ളക്കത്തെ വീട്ടില്‍നിന്നും പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു. ശശിധരൻ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട പ്രഭാതസവാരിക്കിറങ്ങിയവരാണ് വിവരം ഗാന്ധിനഗർ പോലീസില്‍ അറിയിച്ചത്. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നു ശശിധരന്‍.
തലയ്ക്ക് പിറകിലും കഴുത്തിലും ഇടതുകയ്യിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിവുകളുണ്ട്. തലയ്‌ക്കേറ്റ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈയില്‍ മുറിവ് ഉണ്ടായതെന്നാണ് കരുതുന്നത്.
ശശിധരനും സമീപവാസിയുമായി ദിവസങ്ങള്‍ക്കു മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുടിയൂര്‍ക്കര ഇടാട്ട് കുടുംബാഗമാണ്. ഭാര്യ സുമ. വടവാതൂര്‍ ചിറ്റിലക്കാട്ട് കുടുംബാംഗം. മക്കള്‍: പ്രനൂപ്, പ്രീത (ഇരുവരും അയര്‍ലന്‍ഡില്‍ നഴ്‌സുമാര്‍).
No comments:
Post a Comment