Latest News

പുതുവത്സര രാവ് ആഘോഷമാക്കാൻ 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട് : നഗരത്തില്‍ വീണ്ടും പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്പില്‍ സഹറത്ത് (43)നെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് കല്ലായ് റെയില്‍വേ ഗുഡ്‌സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

പുതുവത്സര ആഘോഷരാവുകളില്‍ മാറ്റുകൂട്ടുന്നതിനായി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചത്. 

ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരി കോഴിക്കോട്ടെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. 

24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ത്ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിന്‍വാതില്‍ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കള്‍ക്കിടയില്‍ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

കാലങ്ങളായി ലഹരിക്കടിമയായ ഇയാള്‍ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇത്തരം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. പോലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകള്‍ സ്ട്രിപ്പില്‍ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാള്‍ കൊണ്ടു നടക്കാറുള്ളത്.

ഈ ഗുളികകള്‍ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുകയെന്നത് വളരെയധികം പ്രയാസകരമാണ്. വളരെ ചെറിയ അളവില്‍ ഉപയോഗിച്ച് തുടങ്ങുന്നവര്‍ വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ഈ ലഹരിക്ക് അടിമപ്പെടും. ലഹരി ഉപയോഗിക്കാത്ത അവസരത്തില്‍ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും.

പന്നിയങ്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍, എ.എസ്. ഐ ദിലീപ്, സീനിയര്‍ സി.പി.ഒ വിനീഷ്, സി.പി.ഒ രമേഷ്, ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോമോന്‍ കെ.എ, നവീന്‍.എന്‍, സോജി.പി, രജിത്ത് ചന്ദ്രന്‍, രതീഷ്.എം.കെ, ജിനേഷ് എം, സുമേഷ് എ.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.