Latest News

തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് 4 മണിക്കൂർ; റെയിൽപദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് യാത്രാസമയം 12 മണിക്കൂറിൽനിന്നു നാലു മണിക്കൂറിലേക്കു ചുരുക്കുന്ന അർധ അതിവേഗ റെയിൽപാതാ പദ്ധതി സിൽവർ ലൈനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി.[www.malabarflash.com]

പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണു കേരള റെയിൽ വികസന കോർപറേഷന് (കെആർഡിസിഎൽ) ലഭിച്ചത്. മണിക്കൂറിൽ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന 540 കിലോമീറ്റർ നീളമുള്ള രണ്ടു പാളങ്ങളാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക.

56,443 കോടി രൂപയാണു കണക്കാക്കുന്നതെങ്കിലും പദ്ധതി പൂർത്തിയാകുമ്പോൾ 66,079 കോടി രൂപയാകുമെന്നാണു നിഗമനം. 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകും. 11 ജില്ലകളിലൂടെയാണു പാത കടന്നു പോവുക. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

റോറോ സര്‍വീസ്, വൈദ്യുതി വാഹനങ്ങള്‍, പാർക്കിങ് സൗകര്യം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. ‌ഹരിത നിര്‍മാണ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളുടെയും മറ്റും നിർമാണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.