Latest News

ജാമിഅക്ക് പിന്നാലെ അലിഗഡിലും പോലീസ് നരനായാട്ട്

അലിഗഢ്: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പോലിസ് അനുമതിയില്ലാതെ അതിക്രമിച്ച് കയറി നടത്തിയ നരനായാട്ടിനു പിന്നാലെ അലിഗഢ് സര്‍വകലാശാലയിലും വന്‍ സംഘര്‍ഷം.[www.malabarflash.com] 

സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് എ സയ്യിദ് കവാടത്തിനു സമീപത്ത് വിദ്യാര്‍ത്ഥികളും പോലിസും ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലിസ് നിരവധി കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പോലിസ് ഭാഷ്യം. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ജാമിയ മിലിയ സര്‍വകലാശാലയില്‍ തെരുവ് യുദ്ധമായി മാറിയിരുന്നു. നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയായത്. പോലിസാണ് വാഹനങ്ങള്‍ കത്തിച്ചതിനു പിന്നിലെന്ന് തെളിവുകള്‍ പുറത്തുവിട്ട് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പോലിസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലിസ് കാംപസിനകത്ത് നടത്തിയ വെടിവയ്പില്‍ രാജസ്ഥാനില്‍നിന്നുള്ള വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

പോലിസ് സര്‍വകലാശാലയ്ക്ക് അകത്തേക്ക് വെടിവച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയുടെ അകത്ത് അനുവാദമില്ലാതെയാണ് പോലിസ് കയറിയതെന്നും ലൈബ്രറിയുടെ അകത്ത് അടക്കം കയറി കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും സര്‍വകലാശാലാ ചീഫ് പ്രോക്ടര്‍ ആരോപിച്ചു. 

പോലിസ് അതിക്രമം അപലപനീയമാണെന്ന് സര്‍വകലാശാല വിസിയും ആരോപിച്ചു. ജാമിയ മിലിയക്ക് പിന്തുണയുമായാണ് അലിഗഢിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതിനിടെയാണ് പോലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.