Latest News

ദേളി അരമങ്ങാനം- മാങ്ങാട് റോഡ് തകർച്ച; ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ എം പ്രവർത്തകർ ഉപരോധിച്ചു

കാസർകോട്: പൂർണമായും തകർന്ന ദേളി അരമങ്ങാനം–- മാങ്ങാട്‌ കരിച്ചേരി റോഡ് നന്നാക്കുമെന്ന ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ സിപിഐ എം പ്രവർത്തകർ ഉപരോധിച്ചു. [www.malabarflash.com]

വെള്ളിയാഴ്‌ച രാവിലെയാണ്‌ ബാര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ജില്ലാപഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് എ ജി സി ബഷീറിനെ ഉപരോധിച്ചത്‌.

 ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽപെടുന്ന നാലര കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ അറ്റകുറ്റപ്പണി പൊലും നടത്തിയിട്ടു വർഷം മൂന്ന്‌ കഴിഞ്ഞു.
ഉദുമ, ചെമ്മനാട്‌ പഞ്ചായത്തുകളുടെ നടുവിലൂടെ കടന്നുപോകുന്ന റോഡ്‌ മാങ്ങാട് - അരമങ്ങാനം വഴി ദേളി ജംങ്ഷനിലെത്തുന്നു. 

 ദേളിയിൽ നിന്ന് മേൽപറമ്പ് കെഎസ്ടിപി പാതയിൽ കയറാതെ ഉദുമ, പാലക്കുന്ന് ഭാഗത്തേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള റോഡാണിത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ വഴി ദിവസേന സർവീസ് നടത്തുന്നത്. ഇപ്പോൾ പൂർണമായി തകർന്ന റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുരിതമായി.  ഓട്ടോറിക്ഷകൾ ഓട്ടാൻ ഡ്രൈവർമാർ മടിക്കുകയാണ്. 

 റോഡ് നന്നാക്കണാമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വർഷം സിപിഐ എം ബാര ലോക്കൽ കമ്മിറ്റി ജില്ലാ പഞ്ചായത്തിലേക്ക്‌ ജനകീയ മാർച്ചും ധർണയും നടത്തി. തുടർന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ നിവേദനവും നൽകി. ഉടൻ റോഡ്‌ നന്നാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിപിഐ എം നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകി. അതിനാൽ തുടർന്നുള്ള പ്രക്ഷോഭ സമരങ്ങൾ നിർത്തിവെച്ചു. 

എന്നാൽ ഒന്നര വർഷമായിട്ടും ഈ ഉറപ്പ്‌ പാലിക്കാൻ ജില്ലാ പഞ്ചായത്ത്‌ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഉപരോധം സംഘടിപ്പിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ, സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പാദൂർ ഷാനവാസ്‌, ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി എന്നിവർ സിപിഐ എം നേതാക്കളുമായി ചർച്ച നടത്തി. മൊക്കാഡാം ടാറിങ് റോഡ്‌ നിർമിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന്‌ സ്വീകരിക്കുമെന്ന്‌ പ്രസിഡന്റിന്റെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. 

സിപിഐ എം ലോക്കൽ സെക്രട്ടറി എം കെ വിജയൻ, പി കുമാരൻ നായർ, കെ രത്നാകരൻ, കെ കൃഷ്ണൻ, പി ഗോപാല കൃഷ്ണൻ, വി ഗോപാലകൃഷ്ണൻ, കെ നാരായണൻ, കെ രാധാകൃഷ്ണൻ, കെ രതീഷ്, കെ എം സുധാകരൻ, പ്രദീപ്, എം ആർ അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.