Latest News

ദുബൈ കെ.എം.സി.സി സഹിഷ്ണുതാ സമ്മേളനം മന്ത്രി ശൈഖ് നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും

ദുബൈ: ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തില്‍ 48-മത് യുഎഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനവും,കെഎംസിസിയുടെ 45-മത് വാര്‍ഷികാഘോഷവും,യുഎഇ സഹിഷ്ണുതാ വര്‍ഷ പരിപാടികളും ഈ മാസം 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെച്ച് സംഘടിപ്പിക്കും.[www.malabarflash.com]

സഹിഷ്ണുതാ സമ്മേളനം യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസുഫലി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി, ജനറല്‍ മാനേജര്‍ ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ്‌ സി.ഐ.ഡി ഡോ: അഹമ്മദ് ശൈബാനി, പി.വി അബ്ദുല്‍ വഹാബ് എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.എം.കെ മുനീര്‍ എംഎല്‍എ, എം.സി ഖമറുദ്ദീന്‍ എംഎല്‍എ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

പരിപാടികളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, മീഡിയ ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.

അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് ക്ലബിലെ ഗേറ്റുകള്‍ വൈകുന്നേരം 4 മണിക്ക് തുറക്കും. 5 മണിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ആകര്‍ഷക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്. 20 പേര്‍ക്ക് നറുക്കെടുപ്പിലൂടെ ലുലുവിന്‍റെ 500 ദിര്‍ഹമിന്‍റെ പര്‍ചേസ് വൗചര്‍ സമ്മാനമായി നല്‍കും. റിട്ടേണ്‍ വിമാന ടിക്കറ്റുകളും നല്‍കും. മറ്റു സമ്മാനങ്ങളുമുണ്ടാകും.

കഴിഞ്ഞ വര്‍ഷങ്ങളിലെ പരിപാടികളെക്കാള്‍ കൂടുതല്‍ വിപുലമായാണ് ഇത്തവണ ആഘോഷം ഒരുക്കിയിരിക്കുന്നത്. സഹിഷ്ണുതാ വര്‍ഷ ഭാഗമായി പ്രത്യേക പരിപാടികള്‍ അരങ്ങേറും.കെ.എം.സി.സിയുടെ 45-മത് വാര്‍ഷികം കൂടിയായതിനാല്‍ പൊലിമയോടെയാണ് ആഘോഷം.ഇന്ത്യക്കാരും ഇമാറാത്തികളുമായ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപ്പെടുന്നതിനായാണ് ഈ വര്‍ഷം ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലെ പുതിയ വേദിയാണ് സജ്ജമാക്കിയിരിക്കുന്നത്.ഊദ് മേത്ത മെട്രോ സ്റ്റേഷന് സമീപം ആണ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. മെട്രോ സ്‌റ്റേഷന്‍ സമീപത്തായതിനാല്‍ ഇവിടേക്ക് ആളുകള്‍ക്ക് എത്താന്‍ സൗകര്യമുണ്ട്. കൂടാതെ, ബസ് സൗകര്യവും ഏര്‍പ്പെടുത്തും.യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കലാ-സാംസ്‌കാരിക പരിപാടികള്‍ ഇതിനകം വിപുലമായി സംഘടിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

സര്‍ഗോല്‍സവം,കായികോല്‍സവം,വനിതാ സമ്മേളനം പ്രത്യേകമായി തന്നെ ഒരുക്കി. രക്തദാന പരിപാടി കഴിഞ്ഞ മാസം 27ന് നായിഫ് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്നു.നവംബര്‍ 30ന് രക്തസാക്ഷി ദിനാചരണ പരിപാടികള്‍ ഒരുക്കി. ചിത്രപ്രദര്‍ശനവും നടത്തി.ഡിസംബര്‍ 6ന് തലമുറ സംഗമവും കാമ്പസ് മീറ്റും ഒരുക്കി. കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊള്ളോന്‍ നേതൃത്വം നല്‍കിയ ബിസ് ടോക്‌സ് കഴിഞ്ഞ ദിവസം അല്‍ബറാഹ ആസ്ഥാനത്ത് നടന്നു. ഇന്നോവ ഗ്രൂപ് ചെയര്‍മാന്‍ ജോയ് അറക്കല്‍, യുഎഇ സര്‍ക്കാറിന്‍റെ 'ദി പയനിയര്‍' അവാര്‍ഡ് ലഭിച്ച മിഡില്‍ ഈസ്റ്റ് ഗ്രൂപ് എം.ഡി സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.ദുബൈ പൊലീസുമായി ചേര്‍ന്ന് ഈ മാസം 5ന് ദുബൈ പൊലീസ് അക്കാദമിയില്‍ നടന്ന, ഗിന്നസ് റെക്കോര്‍ഡ് നേടിയ ഏറ്റവും വലിയ പതാക തീര്‍ക്കുന്ന യജ്ഞത്തിലും ദുബൈ കെഎംസിസി പങ്കാളിയായി.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎംസിസി സാമൂഹിക പ്രസക്തവും സാംസ്‌കാരിക-പൈതൃക പ്രാധാന്യമുള്ളതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.ദുബൈ മുനിസിപ്പാലിറ്റി ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ക്‌ളീനപ് ദി വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് ദുബൈ കെഎംസിസി അതിന്‍റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.എണ്ണമറ്റ ജീവകാരുണ്യ-ആതുര ശുശ്രൂഷാ-വിദ്യാഭ്യാസ-നിയമ-തൊഴില്‍ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സംഘടന നിരന്തരം നിര്‍വഹിച്ചു വരുന്നുണ്ട്.

സമ്മേളന സ്ഥലത്തേക്ക് ബസ് ഏര്‍പ്പെടുത്തുന്നതാണ്.പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുന്നതാണ്.പ്രവേശന പാസുകള്‍ക്ക് 04 2727773 (കെഎംസിസി ഓഫീസ്, അല്‍ബറാഹ), 04 2274899 (കെഎംസിസി ഓഫീസ്, അല്‍സബ്ഖ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.