Latest News

യുഎഇ ബഹുസ്വരത നേടിയത് സഹിഷ്ണുതയിലൂടെ: മന്ത്രി ശൈഖ് നഹ്‌യാന്‍

ദുബൈ: യുഎഇ അതിന്‍റെ പ്രശംസനീയമായ ബഹുസ്വരത നേടിയെടുത്തത് സഹിഷ്ണുതയിലൂടെയാണെന്നും, ആ സഹിഷ്ണുത ഇസ്‌ലാമിന്‍റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

യുഎഇയുടെ 48-മത് ദേശീയ ദിനാഘോഷ ഭാഗമായും കെഎംസിസിയുടെ 45-മത് വാര്‍ഷികത്തോടനുബന്ധിച്ചും ദുബൈ കെഎംസിസി അല്‍നാസര്‍ ലിഷര്‍ ലാന്റില്‍ സംഘടിപ്പിച്ച സഹിഷ്ണുതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസുഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ദുബൈ എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ പ്രേം ചന്ദ്, ഡോ.എം.കെ മുനീര്‍ എംഎല്‍എ, എം.സി ഖമറുദ്ദീന്‍ എംഎല്‍എ,  മലപ്പുറം ജില്ലാ മുസ്ലീം ലീഗ് ജന:സെക്രട്ടറി അഡ്വ:യു.എ.ലത്തീഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഈ രാജ്യം ഇന്ന് സ്വയം തന്നെ ഒരാഗോള സമൂഹമാണെന്നും ഈ നാടിനെ ബഹുസ്വരതയുടെ ഇടമാക്കി ഉയര്‍ത്താന്‍ നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണെന്നും ശൈഖ് നഹ്‌യാന്‍ പറഞ്ഞു. സഹിഷ്ണുത കൊണ്ടാണ് അത് സാധ്യമായത്. ഇസ്‌ലാമിക സംസ്‌കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും മൂല്യങ്ങളില്‍ ഉറച്ചു നിന്നാണ് ഈ രാജ്യം മുന്നോട്ടു പോകുന്നത്. ഇസ്‌ലാം പൂര്‍ണമായും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രഘോഷിക്കുന്നു. 

തീവ്രവാദം അടക്കമുള്ള സകല തിന്മകളെയും ഇസ്‌ലാം വിപാടനം ചെയ്യുന്നു.ലോകത്തിനാകമാനം നാശകാരിയായ തീവ്രവാദം തുടച്ചു നീക്കാനും സമാധാനം നിലനിര്‍ത്താനും നാം യത്‌നിക്കുന്നു.സഹിഷ്ണുതയുടെ മഹനീയ മൂല്യങ്ങളെ നാം ഇനിയിമുനിയും അനുധാവനം ചെയ്യണമെന്ന് ഈ വേളയില്‍ എല്ലാവരോടുമായി ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വംശത്തിന്‍റെയും മതത്തിന്‍റെയും പരിഗണനകളില്ലാതെ സമാധാനത്തിനും സമൂഹത്തിന്‍റെ നല്ല ജീവിതത്തിനും ഊന്നല്‍ നല്‍കി നമുക്ക് ഒന്നിച്ചു മുന്നേറാന്‍ സാധിക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. യുഎഇയും ഇന്ത്യയും സുഹൃദ് രാജ്യങ്ങളാണ്. ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ സുദീര്‍ഘ കാലത്തെ ബന്ധമാണുള്ളത്.ഇവ തമ്മിലുള്ള ബന്ധം നിരന്തരം നിലനിര്‍ത്തല്‍ നമ്മുടെ പ്രതിജ്ബദ്ധമായ കര്‍ത്തവ്യമാണ്.

നിങ്ങള്‍, കേരളത്തില്‍ നിന്നുള്ള സമൂഹം മാനുഷിക വിഭവ ശേഷിയിലും സാങ്കേതിക വികസനത്തിലും മികവ് നേടിയവരാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ബൗദ്ധിക ജീവിത നിലവാരത്തിലും കേരളം ലോകത്തിന്‍റെ ശൃംഗത്തിലാണ് ഇന്നുള്ളത്. നാം ഒന്നായി ചേര്‍ന്നു കൊണ്ട് ലോകത്തിലെ തന്നെ ജീവസ്സുറ്റ ഈ രാജ്യത്തിന്‍റെ ദേശീയ ദിനമാഘോഷിക്കുകയാണ്.

 ''എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഇത്തരമൊരു ശ്രദ്ധേയ സഹിഷ്ണുതാ സമ്മേളനം സംഘടിപ്പിച്ച ദുബൈ കേരള മുസ്‌ലിം കള്‍ചറല്‍ സെന്‍ററിനെ ഞാന്‍ മുക്തകണ്ഠം പ്രശംസിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മഹത്തായതെന്ന് ഞാന്‍ മനസ്സിലാക്കുന്നു'' -ശൈഖ് നഹ്‌യാന്‍ പറഞ്ഞു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍റെ നേതൃത്വത്തില്‍ 48 വര്‍ഷം മുന്‍പ് യുഎഇയെ രാഷ്ട്രമായി സ്ഥാപിക്കുമ്പോള്‍ സഹിഷ്ണുത, സമാധാനം, സമൃദ്ധി എന്നീ മൂല്യ ഗുണങ്ങള്‍ക്കും ഒപ്പം വിത്തു പാകിയിരുന്നു. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഈ രാജ്യത്തെ സഹിഷ്ണുതയുടെയും സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും ആഗോള ഹൃദയമാക്കി പരിവര്‍ത്തിപ്പിച്ചു. 

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവര്‍ ശൈഖ് സായിദിന്‍റെ ദര്‍ശനം ആധാരമാക്കി രാജ്യത്തിന്‍റെ ഭാവി വികസനം സമുജ്വലമായി നേടിയെടുക്കാന്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. അതിന്റെ ഫലമായി, ഐക്യ അറബ് എമിറേറ്റുകള്‍ സംസ്‌കാരത്തിന്റെയും മാനുഷിക വികസനത്തിന്‍റെയും ത്രസിക്കുന്ന കേന്ദ്ര ബിന്ദുവായി ഇന്ന് മാറിയിരിക്കുന്നു.

ബിസിനസ്, പരിസ്ഥിതി, സാങ്കേതികത, ഇന്നൊവേഷന്‍, ക്രിയേറ്റിവിറ്റി തുടങ്ങിയവയുടെ ആഗോള ലീഡറാണ് ഇന്ന് യുഎഇ.ലോകത്തിന്‍റെ വികസന പരിപ്രേക്ഷ്യം ഇന്ന് യുഎഇയില്‍ കാണാനാകുന്നുണ്ട്.

നമ്മളെല്ലാവരും ചേര്‍ന്ന് ഈ രാജ്യത്തെ വികസിപ്പിച്ചതില്‍ വലിയ പങ്കാണ് വഹിച്ചത്. നിങ്ങള്‍,ഇന്ത്യക്കാര്‍, വിശേഷിച്ചും മലയാളികള്‍ ഞങ്ങളുടെ അതിഥികളായി ഇവിടെ എത്തി ഈ നാടിനെ പുഷ്ടിപ്പെടുത്തിയതില്‍ ഞങ്ങളേറെ കൃതാര്‍ത്ഥരാണ്. അതില്‍,ഇമാറാത്തി സമൂഹം അളവറ്റ നിലയില്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. 

നിങ്ങള്‍ കേരളക്കാര്‍ ഇമാറാത്തികളുടെ മികച്ച സുഹൃത്തുക്കളാണ്. ഇന്ത്യക്കാരും ഇമാറാത്തികളും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായതാണ്. ഈ ബന്ധം ഇനിയും സുദീര്‍ഘമായി തുടരട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും എല്ലാ ആശംസകളും നേരുന്നു-ശൈഖ് നഹ്‌യാന്‍ തന്‍റെ ഉദ്ഘാടന പ്രസംഗം ഉപസംഹരിച്ചു.

സമ്മേളനത്തില്‍ ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ വേങ്ങര സ്വാഗതം പറഞ്ഞു. സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ ലീഗ് ജന.സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് സംസാരിച്ചു. 

മന്ത്രി ശൈഖ് നഹ്‌യാനെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ടോളറന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സഹിഷ്ണുതാ സന്ദേശമടങ്ങിയ ചിത്രീകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു.

ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി നന്ദി പറഞ്ഞു.
കണ്ണൂര്‍ ഷരീഫിന്‍റെ നേതൃത്വത്തില്‍ 'ഇശല്‍ രാവ്' അരങ്ങേറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.