Latest News

കൊളത്തുങ്കാൽ തെയ്യംകെട്ട്: കലവറയ്ക്കു കുറ്റിയടിച്ചു

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ കലവറയ്ക്ക് കുറ്റിയിടൽ കർമ്മം പാലക്കുന്ന് ക്ഷേത്ര സ്ഥാനീകരുടെയും തറവാട് അംഗങ്ങളുടെയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നു.[www.malabarflash.com]

സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ എന്നിവരുടെ മേൽനോട്ടത്തിൽ രഞ്ജിത്ത് മൂലക്കണ്ടം കാർമികത്വം വഹിച്ചു.
തെയ്യംകെട്ടുത്സവവുമായി ബന്ധപ്പെട്ട് ഏറെ പ്രാധ്യാന്യമുള്ളതാണ് കലവറ. മറ്റു നിർമ്മാണ പ്രവൃത്തികൾ കലവറയുടെ 'കുറ്റിയിട'ലോടെയാണ്‌ തുടങ്ങുക. തെയ്യംകെട്ട് ഉത്സവം തുടങ്ങുന്നത് തന്നെ കലവറയിൽ കോപ്പുകൾ നിറച്ചാണ്. അത് വലിയൊരാഘോഷമാണ്. 

നിശ്ചിത അളവിൽ ദേവസ്ഥാനത്തിന്റെ കന്നിമൂലയിൽ നീളൻ ആകൃതിയിലാണ് ഇത് പണിയുന്നത്. സൗകര്യമനുസരിച്ച് ഒന്നിൽ കൂടുതൽ മുറികൾ ഇതിനകത്തുണ്ടാകും. കലവറ നിറയ്ക്കുന്ന ദിവസം കത്തിക്കുന്ന നിലവിളക്ക്, ഉത്സവം കഴിയും വരെ ഇതിനകത്ത് കെടാവിളക്കായി സൂക്ഷിക്കും. അന്ന് മുതൽ കലവറ സൂക്ഷിപ്പിന്റെ അവകാശം യാദവ സമുദായത്തിൽ പെട്ടവർക്കാണ്.
വിശദീകരണ യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഡ്വ.കെ.ബാലകൃഷ്ണൻ, ദാമോദരൻ കൊപ്പൽ, സുധാകരൻ കുതിർ, പി.പി.ശ്രീധരൻ, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ഉദയമംഗലം സുകുമാരൻ, പി.പി.ചന്ദ്രശേഖരൻ, കൃഷ്ണൻ പാത്തിക്കാൽ, കുമാരൻ പള്ളിക്കര , തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, പ്രാദേശിക സമിതി സെക്രട്ടറി പ്രഭാകരൻ പാറമ്മൽ,കാപ്പുങ്കയം കുഞ്ഞിരാമൻ നായർ എന്നിവർ പ്രസംഗിച്ചു. 

ഏപ്രിൽ 29 മുതൽ മെയ് ഒന്ന് വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.