Latest News

ശമ്പളം ലഭിച്ചില്ല; കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോക്കുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോക്കുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത പി വി സുകുമാരന്‍ (48) ആണ് മരിച്ചത്.[www.malabarfash.com]

വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കെഎസ്ആര്‍ടിസി ഡിപ്പോയായ തുളുനാട് കോംപ്ലക്സിലെ ഒന്നാം നിലയിലെ ഏണിയിലാണ് കയര്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) അംഗമാണ്.
തെയ്യം കലാകാരന്‍ രാമന്‍ കര്‍ണമൂര്‍ത്തിയുടെ മകനാണ്. പിതാവ് മരണപ്പെട്ടതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി 20 ദിവസമായി അവധിയിലായിരുന്നു സുകുമാരന്‍.

അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയെടുക്കാനായി വ്യാഴാഴ്ച രാത്രി ഡിപ്പോയില്‍ എത്തിയതായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സുകുമാരനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മാതാവ്: കാര്‍ത്യായനി. ഭാര്യ ലത കണ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍: സാന്ദ്ര (നെഹ്റു കോളജ് ഡിഗ്രി വിദ്യാര്‍ഥിനി), സംഗീത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.