Latest News

ബെംഗളൂരുവില്‍ മലയാളി യുവാവും യുവതിയും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തൃശൂര്‍: മലയാളികളായ യുവാവും യുവതിയും ബെംഗളൂരുവില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ബെംഗളുരുവിലെ ആനേക്കാലിലെ വനത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് മാള കുണ്ടൂര്‍ ചിറ്റേടത്ത് പറമ്പില്‍ സുരേഷ്-ശ്രീജ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (20)യുടേതാണ്.[www.malabarflash.com] 

പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റേതായിരുന്നു കൂടെയുണ്ടായിരുന്ന മൃതദേഹം. കഴിഞ്ഞ ദിവസമാണ് 40 ദിവസത്തോളം പഴക്കമുള്ള ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ആറു മാസം മുന്‍പ് ടിസി എസില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളുരുവിലേക്ക് പോയ ശ്രീലക്ഷ്മിയെ ഒക്ടോബര്‍ 11 മുതലാണ് ഇലക്ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്തുനിന്ന് കാണാതായത്. ഫോണില്‍ കിട്ടാതായതോടെ വീട്ടുകാര്‍ ശ്രീലക്ഷ്മി ജോലി ചെയ്തിരുന്ന ഓഫിസില്‍ വിളിച്ചന്വേഷിക്കുകയായിരുന്നു. അവിടെ എത്തിയിട്ടില്ലെന്ന് അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ അറിയുന്നത്. 

ഓഫിസിലെ ജീവനക്കാരനായ അഭിജിത് മോഹനനെയും ഇതോടൊപ്പം കാണാനില്ലെന്ന വിവരം ലഭിച്ചു. അന്നുമുതല്‍ ഇരുവീട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. പോലിസിന്റെയും ബന്ധുക്കളുടെടയും സുഹൃത്തുക്കളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് തല വേര്‍പ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

മൃതദേഹ പരിശോധനാ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ശ്രീലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ശ്രീലക്ഷ്മിയുടെ മാതാവ് ശ്രീജയും ബന്ധുക്കളും ആരോപിച്ചു. ഇതു സംബന്ധിച്ച് ബെംഗളൂരു പോലിസില്‍ പരാതി നല്‍കിയതായി പിതൃസഹോദരന്‍ സേതുമോന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.