Latest News

പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേർസാക്ഷ്യം, സഫയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്ത് താരമായ പ്ലസ് ടു വിദ്യാർത്ഥി സഫ ഫെബിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ്.[www.malabarflash.com]

പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേർസാക്ഷ്യമാണ് ഈ പെൺകുട്ടി. സഫയോട് ഇന്ന് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നുവെന്നും രവീന്ദ്രനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനിടെയാണ് സംഭവം. പ്രസംഗം തർജമ ചെയ്യാൻ വിദ്യാർത്ഥികളിൽ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുൽ ആവശ്യപ്പെട്ടപ്പോൾ സഫ ധൈര്യത്തോടെ സ്റ്റേജിലെത്തുകയായിരുന്നു. 

സ്‌റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നൽകിയാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. സഫയുടെ പരിഭാഷ നിറകയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. സോഷ്യൽ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ് സഫയ്ക്ക് ലഭിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ രാഹുൽ ഗാന്ധി എം.പി.യുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാർഥിനി സഫ ഇന്ന് ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്നു. 

തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എം.പി.യുടെ അടുത്തേക്ക് നിസങ്കോചം ഓടിയെത്തിയ സഫ ഒട്ടും പിഴവുകൾ ഇല്ലാതെ അകൃത്രിമ ഭാഷയിൽ പ്രസംഗം തർജ്ജിമ ചെയ്തു. 

സർക്കാർ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവൻ. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേർസാക്ഷ്യമാണ് ഈ പെൺകുട്ടി. സഫയോട് ഇന്ന് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.