Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത; മുസ് ലിം സംഘടനകളുടെ യോഗം തിങ്കളാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കാനുള്ള നീക്കം ചെറുക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിങ്കളാഴ്ച മുസ് ലിം സംഘടനകളുടെ യോഗം വിളിച്ചു.[www.malabarflash.com]

തിങ്കളാഴ്ച വൈകീട്ട് മൂന്നിനു കോഴിക്കോട് മാവൂര്‍ റോഡ് ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന യോഗത്തിലേക്ക് കാന്തപുരം സുന്നി വിഭാഗത്തെയും ക്ഷണിച്ചതായി നേതാക്കള്‍ അറിയിച്ചു. 

ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിക്കാനിരിക്കെയാണ് സമസ്തയുടെ ഇടപെടല്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ സമസ്ത നേതാക്കള്‍ ഉടന്‍ നേരിട്ട് കാണാനും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അടിയന്തിര സന്ദേശമയക്കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയുടെ അടിയന്തിര യോഗം തീരുമാനിച്ചു. 

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പൗരത്വ ബില്‍ വിവേചനപരവും ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 14, 15 എന്നിവ പ്രകാരം രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന തുല്യത, വിവേചനമില്ലായ്മ എന്നീ മൗലികാവകാശങ്ങള്‍ക്ക് കടക വിരുദ്ധവുമാണെന്നു യോഗം വിലയിരുത്തി. 

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിവേചനത്തിനെതിരേ മുഴുവന്‍ മതേതര പാര്‍ട്ടി പ്രതിനിധികളും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

പൗരത്വ വിഷയത്തില്‍ നിയമപരമായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍കുട്ടി, മുസ്തഫ മുണ്ടുപാറ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.