Latest News

സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനത്തിന് തുടക്കം

കൊല്ലം: അറുപതാണ്ടുകളുടെ പ്രതീകമായി അറുപത് നിറപതാകകള്‍ വാനിലുയര്‍ത്തി സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനത്തിനു ആശ്രാമം മൈതാനത്ത് തുടക്കം.[www.malabarflash.com]

ധര്‍മ്മ ബോധത്തിനു സാംസ്‌കാരിക പരിസരം തീര്‍ത്ത മദ്റസാ പ്രസ്ഥാനത്തിലൂടെ സമസ്ത നയിച്ച വൈജ്ഞാനിക മുന്നേറ്റത്തിനു കൈരളിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതായിരുന്നു വെളളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം.

‘വിശ്വ ശാന്തിക്കു മതവിദ്യ’ എന്ന ശീര്‍ഷകത്തില്‍ രാജ്യാന്തര പ്രശസ്തമായ മതാധ്യാപക കൂട്ടായ്മ വൈജ്ഞാനിക വിചാരങ്ങളും ഗഹനമായ പഠനങ്ങളുമായി ഇനി മൂന്നു നാള്‍ കെ.ടി.മാനു മുസ്ലിയാര്‍ നഗറില്‍ സംഗമിക്കും. 

ഒരുവര്‍ഷം നീണ്ട അറുപതാം വാര്‍ഷികാഘോഷത്തിനു പരിസമാപ്തി കുറിക്കുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു സാദാത്തുക്കള്‍, സമസ്ത മുശാവറ അംഗങ്ങള്‍, മതപണ്ഡിതര്‍, നേതാക്കള്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ സമസ്തയുടെ അറുപത് പതാകകള്‍ വാനിലുയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി മൗലാനാ മുഫ്തി ശരീഫുറഹ്മാന്‍ റസ്വി ഖാദിരി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ഡോ. എ.യൂനുസ് കുഞ്ഞ് അധ്യക്ഷനായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ എം.പി ഹംദുല്ല സഈദ് ലക്ഷദ്വീപ്, എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, നൗഷാദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതവും കെ.ടി ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.
സമ്മേളന സോവനീര്‍ പ്രകാശനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മന്നാര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജിക്കു നല്‍കി നിര്‍വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി തയാറാക്കിയ വിശുദ്ദ ഖുര്‍ആന്‍ വിവരണ ഗ്രന്ഥത്തിന്റെ കോംപ്ലിമെന്റ് കോപ്പി പ്രകാശനം സമസ്ത മുശാവറ അംഗം സയ്യിദ് ഫത്ഹുല്ലാ മുത്തുക്കോയ തങ്ങള്‍ അമിനി നിര്‍വഹിച്ചു. 

ആത്മീയ ചിന്തകളും ബൗദ്ധിക സംവേദനങ്ങളും അക്കാദമിക് ചര്‍ച്ചകളുമായി ഇനി മൂന്നുരാപകലകലുകള്‍ ധന്യമാകും. സംഘചേതനയുടെ ധാര്‍മ്മിക അടയാളപ്പെടുത്തലുകള്‍ക്ക് വേദിയായി കൈരളിയുടെ ഇസ്ലാമിക വിദ്യാഭ്യാസ പ്രബോധന രംഗത്ത് പുതിയ ചരിത്രമാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.