Latest News

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മഞ്ചേശ്വരം സ്വദേശികള്‍ സഞ്ചരിച്ച വാഹനം ബംഗളൂരുവില്‍ അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു

മഞ്ചേശ്വരം: തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേശ്വരം സ്വദേശികള്‍ സഞ്ചരിച്ച സൈലോ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലും വൈദ്യുതി തൂണിലുമിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. [www.malabarflash.com]

വ്യാഴാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബംഗളൂരു രാമനഗറിലായിരുന്നു അപകടം.

ഹൊസങ്കടി ബെജ്ജയിലെ കിഷന്‍ ഭണ്ഡാരി (30), കടമ്പാര്‍ കട്ടയിലെ മോണപ്പ (50), ഹൊസബെട്ടു ബീച്ച് റോഡിലെ അക്ഷയ് (24) എന്നിവരാണ് മരിച്ചത്.

ബെജ്ജയിലെ ചന്ദ്രശേഖര്‍, കടമ്പാറിലെ തമ്മ എന്ന ബാലകൃഷ്ണന്‍, മജ്ബയലിലെ സതീഷന്‍, മിയാപദവ് സ്വദേശികളായ പുഷ്പരാജ്, മഹാബല, സാലത്തൂര്‍ അളിക്കയിലെ രാഘവേന്ദ്ര എന്നിവരെ പരിക്കുകളോടെ ബംഗളൂരുവിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ടത്. ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട സൈലോകാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു . മറ്റുള്ളവരുടെ പരിക്ക് അത്രസാരമുള്ളതല്ല.

കിഷന്‍ ഭണ്ഡാരി സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. ബെജ്ജയിലെ വസന്തന്‍-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സുസ്മിത ഗര്‍ഭിണിയാണ്.

മോണപ്പ സെന്‍ട്രിംഗ് കരാറുകാരനാണ്. മാറുപൂജാരി-മുത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: നമിത. മക്കള്‍: സുധീര്‍, സന്തോഷ്.

അക്ഷയ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സുന്ദരന്‍-ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരി: അശ്വിനി.
മൂന്നുപേരുടെ അപകടമരണം മഞ്ചേശ്വരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.