60 മീറ്റർ ഉയരവും 19 നിലകളുമുള്ള ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിലംപൊത്താൻ വേണ്ടിവന്നത് ഒന്പത് സെക്കൻഡ്. ആൽഫ സെറിന്റെ ഒന്നാം ബ്ലോക്ക് ഏഴു സെക്കൻഡിലും രണ്ടാം ബ്ലോക്ക് ആറു സെക്കൻഡിലും തകർന്നുവീണു. ഈ ഫ്ലാറ്റുകൾ ഇനി കേരള ചരിത്രത്തിന്റെ ഭാഗം.
തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണമാണ് ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചടുക്കിയത്. രാവിലെ 11.17ന് ഹോളി ഫെയ്ത്ത് എച്ച്ടുഒയും 11.42ന് ആൽഫാ സെറീന്റെ രണ്ടാം ടവറും 11.43ന് ഒന്നാം ടവറും നിലംപറ്റി. 11.50ന് സ്ഫോടനം അവസാനിച്ചതായി അറിയിച്ചു സൈറൻ മുഴങ്ങി.
മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് അൽപം വൈകിയായിരുന്നു സ്ഫോടനങ്ങളെങ്കിലും മറ്റു കാര്യങ്ങളെല്ലാം കിറുകൃത്യമായി നടന്നു. ഫ്ലാറ്റ് അവശിഷ്ടങ്ങൾ അധികൃതർ പറഞ്ഞതിനപ്പുറത്തേക്കു തെല്ലും വീണില്ല. ഫ്ലാറ്റുകളോടു തൊട്ടുചേർന്നുള്ള വീടുകളും കെട്ടിടങ്ങളും വരെ സുരക്ഷിതം. ഫ്ലാറ്റുകൾ വീണതിനൊപ്പം പ്രദേശത്തു കുമിഞ്ഞുയർന്ന പൊടിപടലങ്ങൾ പോലും പറഞ്ഞ സമയത്തു മിനിറ്റുകൾക്കുള്ളിൽ അടങ്ങി. എച്ച്ടുഒ ഫ്ലാറ്റിനു തൊട്ടടുത്തുള്ള തേവര-കുണ്ടന്നൂർ പാലവും സമീപത്തുകൂടി കടന്നുപോകുന്ന ഐഒസി പൈപ്പ് ലൈനുകളും സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
എഡിഫസ് എൻജിനീയറിംഗ് കന്പനി പൊളിക്കുന്ന ഹോളി ഫെയ്ത്ത് എച്ച്ടുഒയിൽ രാവിലെ 11ന് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചത്. ആദ്യ സൈറൻ, ഒരു മിനിറ്റു മാത്രം വൈകി 10.31 ഓടെ മുഴങ്ങിയെങ്കിലും 10.55 നുള്ള രണ്ടാം സൈറൻ മുഴങ്ങിയത് 11.09 ഓടെയായിരുന്നു. 11.16ന് മൂന്നാമത്തെ സൈറനും മുഴങ്ങി. 11.17ന് സ്ഫോടനം നടന്നു. ആദ്യസൈറനുശേഷം നാവികസേനയുടെ ഒരു ഹെലികോപ്റ്റർ പ്രദേശത്ത് പരിശീലന പറക്കൽ നടത്തിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണു വൈകാൻ കാരണമായത്.
11.40ന് ആൽഫാ സെറിൻ ഫ്ലാറ്റ് സമുച്ചയങ്ങളിൽ സ്ഫോടനം നടക്കുന്നതിനുള്ള സൈറൻ മുഴങ്ങി. ഇരുബ്ലോക്കുകളും ഒരേസമയം തകർന്ന് ഇടഭാഗത്തേക്കു വീഴുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും 16 നിലകളുള്ള രണ്ടാം ബ്ലോക്കിലെ സ്ഫോടനത്തിൽ മുകളിലെ ആറു നിലകൾ നേരേ കായലിലേക്കാണു പതിച്ചത്. കെട്ടിടത്തിൽനിന്ന് 50 മീറ്ററോളം മാത്രം ദൂരെയുള്ള വീടുകൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് കായലിലേക്ക് അവശിഷ്ടങ്ങൾ വീഴും വിധം സ്ഫോടനം ക്രമീകരിച്ചതെന്നു കളക്ടർ എസ്. സുഹാസ് പിന്നീട് പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയാ സ്റ്റീൽസ് എന്ന കന്പിയാണ് ആൽഫാ സെറീൻ പൊളിച്ചത്. പൊളിക്കൽ നടപടികൾക്കു മുന്നോടിയായി ഹോളി ഫെയ്ത്തിനു മുന്നിൽ പൊളിക്കൽ നടപടികൾ ഏറ്റെടുത്ത എഡിഫൈസ് കന്പനി പൂജ നടത്തിയിരുന്നു. മുഴുവൻ കന്പനി പ്രതിനിധികളും ഇതിൽ പങ്കെടുത്തു. തുടർന്നാണു സ്ഫോടന നടപടികൾ ആരംഭിച്ചത്. കളക്ടറുടെ നേതൃത്വത്തിൽ മരട് നഗരസഭയിൽ പ്രവർത്തിച്ച കണ്ട്രോൾ റൂമിൽനിന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്റെ സ്ഫോടനം നടത്തിയത് എഴുപത് മീറ്റർ അകലെ കുണ്ടന്നൂർ പാലത്തിന്റെ തുടക്കത്തിൽ ക്രമീകരിച്ച ബ്ലാസ്റ്റ് ഷെഡിൽനിന്നും ആൽഫ സെറീനിലെ സ്ഫോടനം മറുകരയിലുള്ള ബിപിസിഎൽ കെട്ടിടത്തോട് ചേർന്നു ക്രമീകരിച്ച ബ്ലാസ്റ്റ് ഷെഡിൽനിന്നുമാണ്. കണ്ട്രോൾ റൂമിൽനിന്നു ലഭിച്ച നിർദേശത്തെത്തുടർന്നു ബ്ലാസ്റ്റ് ഷെഡിലുള്ളവർ സ്ഫോടനം നടത്തുകയായിരുന്നു.
No comments:
Post a Comment