പാലക്കുന്ന്: പ്ലാറ്റ്ഫോമിനെ നെടുകെ മുറിച്ച് റോഡ് കടന്നു പോകുന്നുവെന്ന സവിശേഷത ഒരു ശാപമായി പേറി നടക്കുന്ന റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം.[www.malabarflash.com]
ഇതിലൂടെ 50ൽ പരം ട്രെയിനുകളുടെ സുഗമമായ സഞ്ചാരത്തിനായി റോഡ് ഇടക്കിടെ അടച്ചിടുമ്പോൾ വാഹന ഗതാഗതം തടസപ്പെടുന്നതിന്റ ദുരിതങ്ങൾ നാട്ടുകാർ പേറി നടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
ഏറെ മുറവിളിക്കു ശേഷം മേൽപ്പാലമെന്ന നാട്ടുകാരുടെ ആവശ്യം റയിൽവെ അംഗീകരിച്ച് (ആർ.ഒ.ബി .280) അതിനായ് സ്ഥലമെടുപ്പും പൂർത്തിയാക്കി. നിർദിഷ്ട മേൽപ്പാലത്തിന്റെ കിഴക്കു ഭാഗത്ത് ആറാട്ടുകടവ് ഭാഗത്തേക്കുള്ള റോഡിനോട് ചേർന്ന് കുറച്ചു കൂടി സ്ഥലം ഏറ്റെടുക്കുന്ന കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷന്റെ നടപടികൾ അവസാനഘട്ടത്തിലാണ്. സ്ഥലം വിട്ടു നൽകാൻ ഉടമകൾ ഇവിടെ പൂർണ്ണമായും സഹകരിച്ചു.
ബേക്കൽ അന്താരാഷ്ട്ര ടൂറിസ വികസന പദ്ധതിയുടെ ഭാഗമായി ടൂറിസം സ്റ്റേഷനായി ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ച റെയിൽവേ സ്റ്റേഷനാണിത്. ആദർശ് സ്റ്റേഷനാണെങ്കിലും പ്രാഥമിക അടിസ്ഥാന സൗകര്യം പോലുമില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പരശുറാം, ഏറനാട് എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ നിവേദനങ്ങൾ നൽകി കാത്തിരിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ഏറെയായി.
അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതിയാണ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നത്. അതിന് മുന്നോടിയായി ഏകദിന സൂചന ഉപവാസം 10ന് പാലക്കുന്ന് ടൗണിൽ നടത്തും .
കോട്ടിക്കുളം മേൽപ്പാലം പണി ഉടനെ ആരംഭിക്കുക , സ്റ്റേഷനിൽ പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ടൂറിസം സ്റ്റേഷനാക്കാനുള്ള തുടർ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് ഏക ദിന ഉപവാസം സംഘടിപ്പിക്കുന്നത്.
രാവിലെ 9.30 ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്‌ഘാടനം ചെയ്യും. കെ.കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർക്ക് പുറമെ വിവിധ ആരാധനാലയ കമ്മിറ്റികളുടെയും വ്യാപാരി വ്യവസായ സമിതികളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളും പങ്കെടുക്കും.
വൈകുന്നേരം 4.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂജാരിയും ആചാര സ്ഥാനികരും നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിക്കും .
No comments:
Post a Comment