Latest News

കല്യാശ്ശേരിയില്‍ ബസ്സുകളും ലോറിയും കൂട്ടിയിടിച്ച് 52 പേര്‍ക്ക് പരിക്ക്

കല്യാശ്ശേരി: ദേശീയപാതയില്‍ കല്യാശ്ശേരി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും സ്വകാര്യ ബസ്സും മരം കയറ്റിയ ലോറിയും കൂട്ടിയിടിച്ച് 52 പേര്‍ക്ക് പരിക്കേറ്റു. എട്ടോളം പേരുടെ പരിക്ക് സാരമുള്ളതാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ പെയ്ത മഴയ്ക്കിടയിലാണ് അപകടം.

കണ്ണൂരില്‍നിന്ന് പറശ്ശിനിക്കടവിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ശ്രീ ലക്ഷ്മീനാരായണ ബസ്സും വിറക് കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് പരസ്​പരം ഇടിച്ചത്.

കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ സ്റ്റിയറിങില്‍ കുടുങ്ങിയ ഡ്രൈവര്‍ തളിപ്പറമ്പ് സ്വദേശി ടി.കെ.രാജേഷിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരും കണ്ണപുരം പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ വിവിധ ആസ്​പത്രികളില്‍ എത്തിച്ചത്. കണ്ണൂര്‍ കൊയിലി, എ.കെ.ജി. ആസ്​പത്രികളിലായി 41 പേര്‍ ചികിത്സതേടി. 11 പേരെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

കല്യാശ്ശേരിയിലെ അപകടത്തിന് അരമണിക്കൂര്‍ മുന്‍പ് പാപ്പിനിശ്ശേരി ടെലിഫോണ്‍ഭവന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും ജീപ്പും കൂട്ടിയിടിച്ചിരുന്നു. ഈ അപകടത്തില്‍ മൂന്നുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.