Latest News

മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്യതയാണ് പ്രധാനം -ബി.ആര്‍.പി.ഭാസ്‌കര്‍

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നും ഒളിക്യാമറ പ്രയോഗവും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വാര്‍ത്തകള്‍ ചോര്‍ത്തലും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പിന്നീടേ വരുന്നുള്ളൂവെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കര്‍ പറഞ്ഞു.
സി.പി.ശ്രീധരന്റെ 80-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ 'മാധ്യമവും പ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാന്‍ ഒളിക്യാമറ പ്രയോഗം തെറ്റല്ല. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നത് ശരിയല്ല എന്ന് പറയാനാവില്ല. പ്രധാനപ്പെട്ട സംഭവങ്ങളില്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മോശമായ പ്രവണതയല്ല. പഴയ രീതിയില്‍ത്തന്നെ പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്താനാകില്ല. എന്നുകരുതി ഒരാള്‍, റിപ്പോര്‍ട്ട്‌ചെയ്യരുത്, ചാനലില്‍ കാണിക്കരുത് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകനോട് പറയുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നത് ശരിയായ നടപടിയല്ല.
മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന കാര്യങ്ങള്‍ ഉണ്ടാകരുത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെയോ മാധ്യമ സ്ഥാപനങ്ങളെയോ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തില്‍ എം.അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഹമീദ് ചേന്ദമംഗലൂര്‍, മാതൃഭൂമി പ്രത്യേക ലേഖകന്‍ പി.പി.ശശീന്ദ്രന്‍, മുന്‍ എം.എല്‍.എ. കെ.പി.കുഞ്ഞിക്കണ്ണന്‍, സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, കെ.എന്‍.ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.വി.പ്രഭാകരന്‍ സ്വാഗതവും ഡോ. ഇ.ശ്രീധരന്‍ നന്ദിയും പറഞ്ഞു. 'സി.പി.യുടെ വിമര്‍ശന സമീപനങ്ങള്‍' എന്ന പുസ്തകം ബി.ആര്‍.പി.ഭാസ്‌കര്‍ പ്രകാശനംചെയ്തു. ഡോ. എം.ഗംഗാധരന്‍ ഏറ്റുവാങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.