Latest News

ഷുക്കൂര്‍ വധം: അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് മാതാവ്

തിരുവനന്തപുരം: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലെന്ന് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക. കേസ്സില്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയതില്‍പ്പോലും ദുരൂഹതയുണ്ടെന്നും കേസന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നും ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് തങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
സി.പി.എം. നേതാവ് പി. ജയരാജന്‍ കഴിഞ്ഞിരുന്ന സഹകരണ ആസ്​പത്രിയിലെ മുറിയില്‍വെച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഗൂഢാലോചനയില്‍ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയ്ക്കും ഉള്ള പങ്കിനെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടന്നില്ല. സഹകരണ ആസ്​പത്രിയിലെ രേഖകള്‍, പ്രതികളുടെ ഫോണ്‍കോളുകളടക്കമുള്ള സാങ്കേതിക തെളിവുകള്‍ എന്നിവ പോലീസ് പരിശോധിച്ചില്ല. ഷുക്കൂര്‍ കൊല്ലപ്പെട്ടശേഷം സംഭവത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രസംഗങ്ങളുമാണ് പി. ജയരാജന്‍, ടി.വി. രാജേഷ് തുടങ്ങിയവര്‍ നടത്തിയിട്ടുള്ളത്.
ജയരാജനെ പ്രവേശിപ്പിച്ചിരുന്ന സഹകരണ ആസ്​പത്രിയുടെ മുറിയുടെ വാതിലില്‍ നിന്ന് സി.പി.എം. നേതാവ് ആരെയോ വിളിച്ച് ജയരാജനെ ആക്രമിച്ചവരെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് കേട്ടിട്ടും അത് തടയാന്‍ ശ്രമിച്ചില്ലായെന്ന ലഘുവായ കുറ്റംചുമത്തി യഥാര്‍ഥ ഗൂഢാലോചനാകുറ്റത്തില്‍നിന്നും ഒഴിവാക്കി പോലീസ് പി. ജയരാജനെ സഹായിക്കുകയാണ് ചെയ്തതെന്ന് അവര്‍ ആരോപിച്ചു. കേസ്സില്‍ ഗൂഢാലോചനക്കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. നേതാക്കള്‍ മണിക്കൂറുകളോളം പി. ജയരാജനും ടി.വി. രാജേഷിനുമൊപ്പം ആസ്​പത്രിമുറിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും അവിടെ നടന്ന ഗൂഢാലോചനയില്‍ ടി.വി. രാജേഷിനും പി. ജയരാജനും പങ്കില്ലായെന്ന് പറയുന്നത് നൊന്തുപെറ്റ മകന്റെ വേര്‍പാടില്‍ വേദനിക്കുന്ന ഒരു അമ്മ എന്ന നിലയില്‍ തനിക്ക് സമ്മതിച്ചുതരാനാകില്ലെന്നും പി.സി. ആത്തിക്ക പറഞ്ഞു.
'എന്റെ മകന്റെ മരണത്തിനുശേഷം ഒരു രാത്രിപോലും ഞാന്‍ ഉറങ്ങിയിട്ടില്ല. ആയിരം രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടപ്പെട്ടാലും എന്റെ മരണത്തിന് മുന്‍പ് ഒരു ആഗ്രഹം മാത്രമേ എനിക്കുള്ളൂ. എന്റെ മകനെ കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും നിയമം നല്‍കുന്ന പരമാവധി ശിക്ഷ നല്‍കണം'-മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പി.സി. ആത്തിക്ക പറഞ്ഞു.
ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പുതന്നെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റുകയാണെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കീഴറ, അരിയില്‍ ഭാഗങ്ങളില്‍ സാക്ഷികള്‍ക്ക് കടുത്ത ഭീഷണി നില്‍ക്കുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ദാവൂദ് പറഞ്ഞു.
സാക്ഷികളുടെ മൊഴിമാറ്റാന്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍തന്നെ ഷുക്കൂര്‍ വധക്കേസ്സിലെ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.എം. ഷാജി എം.എല്‍.എ. പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് കെ.എം. സൂപ്പി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അഡ്വ. ലത്തീഫ് മഹമൂദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.