Latest News

സര്‍ക്കാര്‍ സിനിമ വെബ് മാഗസിന്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര തലത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ സിനിമ വെബ് മാഗസിന്‍ ആരംഭിക്കുന്നു. അടുത്ത മാസം ആദ്യം ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. ഇതോടൊപ്പം രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് സിനിമ അയയ്ക്കുന്നതിനുള്ള ചെലവു വഹിക്കാനും തെരഞ്ഞെടുക്കുന്ന സിനിമകള്‍ക്കു സബ്‌ടൈറ്റില്‍ ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കാനും അക്കാദമി ആലോചിക്കുന്നുണ്ട്.
വെബ് മാഗസിന്റെ നിര്‍മാണത്തിനായി മലയാള സിനിമയുടെ വെബ് അധിഷ്ഠിത ഡേറ്റാബേസ് തയാറാക്കുന്നതിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മലയാള സിനിമയുടെ ചരിത്രം, ഇതുവരെ പുറത്തിറങ്ങിയ സിനിമകളെ സംബന്ധിച്ച വിവരങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങളുടെ ജീവചരിത്ര രേഖ, പഴയതും പുതിയതുമായ പോസ്റ്ററുകളുടെ ചിത്രങ്ങള്‍, പാട്ടുപുസ്തകങ്ങള്‍, ഓരോ സിനിമയുടെയും കഥയും അണിയറയുമായി ബന്ധപ്പെട്ട സംക്ഷിപ്ത വിവരണം, മലയാള സിനിമയിലെ പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് വിപുലമായ രീതിയിലാണ് ഡാറ്റാബേസ് ഒരുക്കുന്നത്.
വെബ് മാഗസിന്റെ നിര്‍മാണത്തിനുള്ള സാങ്കേതിക സഹായം നല്‍കുന്നത് സി-ഡിറ്റാണ്. മാഗസിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്ററായി രവീന്ദ്രന്‍ ചെന്നിലോടിനെ അക്കാദമി നിയമിച്ചു. അഞ്ചു ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മിക്കുന്ന വെബ് മാഗസിന്റെ മുഖ്യ ആകര്‍ഷണം രാജ്യാന്തര ചലച്ചിത്ര വാര്‍ത്തകളാണ്. ഹോളിവുഡ് ബോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് മലയാളസിനിമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കൂടുതലായും ലഭിക്കുന്നത്.
രാജ്യാന്തര ചലച്ചിത്രമേളകളെ സംബന്ധിക്കുന്ന അറിയിപ്പുകളാണ് മറ്റൊന്ന്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന മേളകളെക്കുറിച്ച് അറിയുവാനും തങ്ങളുടെ സൃഷ്ടികള്‍ യഥാസമയം മേളകളിലേക്ക് അയയ്ക്കുവാനും സിനിമ നിര്‍മാതാക്കളെയും സംവിധായകരെയും ഇത് ഏറെ സഹായിക്കുമെന്ന് അണിയറക്കാര്‍ കണക്കുകൂട്ടുന്നു.
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മാഗസിന്‍ തയാറാക്കുന്നത്. ലോകത്ത് സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, സിനിമയുടെ സാങ്കേതിക വശങ്ങളെ സംബന്ധിക്കുന്ന ആധികാരിക വിവരങ്ങള്‍, സിനിമകളെ കുറിച്ച് പ്രേക്ഷകര്‍ക്ക് വിലയിരുത്തല്‍ നടത്താന്‍ ഡിസ്‌കഷന്‍ ഫോറം, ചിത്രഗാലറി, സംവിധായകരുടെയും നടന്മാരുടെയും നിരൂപകരും എഴുതുന്ന പ്രത്യേക കോളങ്ങള്‍, മാസ്‌റ്റേഴ്‌സിന്റെ സിനിമകള്‍, ചലച്ചിത്ര പുസ്തകങ്ങള്‍, തിരക്കഥ, ഛായാഗ്രാഹണം, അഭിനയം, എഡിറ്റിംഗ് എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പഠനത്തിന് ഉപകരിക്കുന്ന രീതിയില്‍ ഉള്‍പ്പെടുത്തും.
ഇതിനു പുറമെ അക്കാദമിക്ക് പകര്‍പ്പവകാശം ലഭിച്ചിട്ടുള്ള സിനിമകള്‍ ഓണ്‍ലൈനായി കാണാനുള്ള വെബ് സ്ട്രീമിംഗ് സംവിധാനവും സിനിമ പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുമായി ആശയവിനിമയം സാധ്യമാക്കാന്‍ മിനിസ്റ്റേഴ്‌സ് ഡെസ്‌കും വെബ് മാഗസിനില്‍ ഇടം പിടിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.