Latest News

പണിമുടക്ക് രണ്ടാം ദിവസവും ശക്തം

തിരുവനന്തപുരം : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തം. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കാന്‍ ചില സ്ഥലങ്ങളില്‍ ഏതാനും കടകള്‍ തുറന്നിട്ടുള്ളത് ഒഴിച്ചാല്‍, ബാക്കി കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
ബാങ്കിങ്‌മേഖല നിശ്ചലമായതിനാല്‍ രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ മരവിച്ച അവസ്ഥയിലായി. ഇന്നും ബാങ്കിടപാടുകള്‍ സ്തംഭിക്കും.
തീവണ്ടി ഗതാഗതം തടസമില്ലാതെ തുടരുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്. മലപ്പുറത്ത് കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. അതേസമയം, മലയോരമേഖലകളില്‍ ജീപ്പുകള്‍ സര്‍വീസ് നടത്തുന്നില്ല.
തിരുവന്തപുരത്ത് സപ്ലൈക്കോ പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു. നാട്ടുകാര്‍ പമ്പില്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് പോലീസ് എത്തി മാനേജരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പമ്പ് തുറക്കാന്‍ തീരുമാനിച്ചത്.
കൊച്ചിയില്‍ ചരക്കുനീക്കം പൂര്‍ണമായും സ്തംഭിച്ചു. ചരക്കുനീക്കം തടസ്സപ്പെട്ടതുകൊണ്ട് കഴിഞ്ഞ ദിവസം മാത്രം സര്‍ക്കാരിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മത്സ്യബന്ധന മേഖലയും നിലച്ചിരിക്കുകയാണ്. ആലപ്പുഴ മേഖലയില്‍ ജലഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നലത്തേത് പോലെ ഇന്നും ഹാജര്‍നില കുറവാണെന്ന് രാവിലെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീവണ്ടികളിലും ടൂവിലറുകളിലും ജോലിക്കെത്താന്‍ ഒരു വിഭാഗം ജീവനക്കാര്‍ തയ്യാറായെങ്കിലും, ബസുകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കുന്നവര്‍ക്ക് ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥിതിയാണ്.
പണിമുടക്കിനെ തുടര്‍ന്ന് ഹോട്ടലുകളും ചായക്കടകളും അടച്ചിട്ടത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. മൂന്നാര്‍, തേക്കടി തുടങ്ങിയ ടൂറിസം മേഖലയില്‍ അകപ്പെട്ട ഒട്ടേറെ വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായി.
പോലീസ് വാഹനങ്ങളുടെ സഹായമാണ് നഗരങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്ക് ഏക ആശ്വാസം. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രമസമാധാനം പാലിക്കാന്‍ എല്ലാ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പണിമുടക്കിന്റെ ആദ്യ ദിവസവും കേരളത്തില്‍ ജനജീവിതം പാടെ സ്തംഭിച്ചിരുന്നു.

mathrubhumi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.