Latest News

എംപിമാരുടെ യോഗം ഇടതുപക്ഷം ബഹിഷ്‌കരിക്കും

കാസര്‍കോട്: പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ്മാത്രം എംപിമാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് ലോക്‌സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പുള്ള എംപിമാരുടെ യോഗം ഗവണ്‍മെന്റ് പ്രഹസനമാക്കി മാറ്റി. മുന്‍ കാലങ്ങളില്‍ എല്ലാ സമ്മേളനങ്ങള്‍ക്കും പത്ത് ദിവസം മുതല്‍ രണ്ടാഴ്ച മുമ്പേ യോഗങ്ങള്‍ നടന്നിരുന്നു. സംസ്ഥാനവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനും ചോദ്യങ്ങള്‍, സബ്മിഷനുകള്‍ എന്നിവ നല്‍കുന്നതിനും ആവശ്യമായ വിവരം നല്‍കാനാണ് പ്രധാനമായും യോഗം വിളിക്കുന്നത്. ബജറ്റ്, സമ്മേളനത്തിനു മുമ്പുള്ള യോഗം നിര്‍ബന്ധമായും രണ്ടാഴ്ച മുമ്പേ വിളിക്കുന്നതിന് യാതൊരു ബുന്ധിമുട്ടും ഇല്ല. കാരണം എല്ലാവര്‍ഷവും റെയില്‍വേബജറ്റ് 26 നും പൊതു ബജറ്റ് 28 നുമാണ് അവതരിപ്പിക്കാറ്. രണ്ട് ബജറ്റിലും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് എംപിമാരുടെ യോഗം വിളിക്കേണ്ടത്.
എന്നാല്‍, ഇപ്രാവിശ്യം റെയില്‍വേ ബജറ്റിന്റെ എല്ലാ നടപടികളും പുര്‍ത്തിയാക്കിയശേഷമാണ് കേരളത്തില്‍ റെയില്‍വേ ജനറല്‍ മാനേജര്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തത്. റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി ഗോവയില്‍ നടന്ന് രണ്ടാഴ്ച കഴിഞ്ഞായിരുന്നു കേരളത്തില്‍ യോഗം വിളിച്ചത്. ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഇതിനെ എതിര്‍ത്തിരുന്നു. പൊതു ബജറ്റിന്റെ കാര്യത്തിലും ഇതേ സമീപനമാണ് സര്‍ക്കാര്‍ സ്വകീരിച്ചത്. 21 ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് യോഗം ചേരുന്നത്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. കേരളത്തിന്റെ സജീവ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഗൗരവമുള്ള സമീപനം സംസ്ഥാന സര്‍ക്കാരില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. ഇത് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തെ ഫലത്തില്‍ പ്രഹസനമാക്കി മാറ്റുകയാണ്.
മുമ്പും ഈ വിഷയം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും ഇത്തരം സമീപനം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധ സൂചകമായി യോഗത്തില്‍നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും മുന്‍ കാലങ്ങളിലേതുപോലെ തങ്ങള്‍ കൂട്ടായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പി കരുണാകരന്‍ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.