Latest News

ഷുക്കൂര്‍ വധം: മൊഴി മാറ്റിയത് ഭീഷണിമൂലമെന്ന് സാക്ഷി

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റ വിവാദം ചൂടുപിടിക്കുന്നു. സി.പി.എമ്മിന്റെ സമ്മര്‍ദവും ഭീഷണിയുംമൂലമാണ് താന്‍ മൊഴി മാറ്റിയതെന്ന് ഷുക്കൂര്‍ വധക്കേസിലെ പ്രധാന സാക്ഷിയായ കപ്പാലം പഴയപുരയില്‍ പി.പി.അബു പറഞ്ഞു. ലീഗിന്റെ സംരക്ഷണിയിലായതിന് ശേഷമാണ് താന്‍ മൊഴി മാറ്റിയതിന്റെ കാരണം വ്യക്തമാക്കി അബു രംഗത്തെത്തിയത്. എന്നാല്‍ കേസിലെ മറ്റൊരു സാക്ഷിയായ അള്ളാങ്കുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എവിടെയാണെന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഇദ്ദേഹം വിദേശത്തേക്ക് പോയതായാണ് വിവരം.
സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ.ക്കുമെതിരെ പോലീസിന് നല്കിയ മൊഴിയില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കേസ് വിചാരണയ്ക്ക് വരുമ്പോള്‍ ഇക്കാര്യം കോടതിയിലും പറയും. സി.പി.എമ്മിന്റെ വന്‍ സമ്മര്‍ദവും ഭീഷണിയും കാരണമാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മൊഴി മാറ്റി നല്കിയത്. ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആസ്​പത്രിയിലുണ്ടായിരുന്നപ്പോള്‍ താനും അവിടെയുണ്ടായിരുന്നു' -അബു പറഞ്ഞു.
തളിപ്പറമ്പ് സഹകരണ ആസ്​പത്രിയില്‍ പി.ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി യു.വി.വേണു ഷുക്കൂറിനെ 'കൈകാര്യം'ചെയ്യാന്‍ പറയുന്നത് കേട്ടിരുന്നുവെന്നാണ് അബുവും സാബിറും പോലീസിന് നല്കിയ മൊഴി. ഇവരെ പ്രധാന സാക്ഷിയാക്കിയാണ് ജയരാജനെയും രാജേഷിനെയും പ്രതിയാക്കിയത്. എന്നാല്‍ ഇതേ സംഭവത്തിന്റെ മറ്റൊരു കേസില്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഇരുവരും നല്കിയ സത്യവാങ്മൂലത്തില്‍ തങ്ങള്‍ ഇത്തരമൊരു മൊഴി പോലീസിന് നല്കിയിട്ടില്ലെന്നും സംഭവദിവസം തളിപ്പറമ്പ് സഹകരണ ആസ്​പത്രിയില്‍ പോയിട്ടില്ലെന്നും വ്യക്തമാക്കി. ഈ മൊഴിമാറ്റമാണ് വിവാദമായത്.
ലീഗ്‌നേതാക്കളുടെ സംരക്ഷണയിലായതിന് ശേഷമാണ് അബു മൊഴിമാറ്റാനിടയായ സാഹചര്യം വ്യക്തമാക്കിയത്. മറ്റൊരു സാക്ഷി സാബിര്‍ മുംബൈ വിമാനത്താവളംവഴി വിദേശത്തേക്ക് കടന്നതയാണ് വിവരം. ശനിയാഴ്ച മംഗലാപുരം വിമാനത്താവളംവഴി ഇദ്ദേഹം ഗള്‍ഫിലേക്ക് പോകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില ലീഗ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ സാബിര്‍ മംഗലാപുരത്ത് പോകാതെ മുംബൈവഴി വിദേശത്തേക്ക് പോയതായാണ് സൂചന.
Shukoor
തിങ്കളാഴ്ച ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ തുടങ്ങുകയാണ്. വിചാരണഘട്ടത്തില്‍ ജയരാജനും രാജേഷിനും എതിരായി മൊഴിനല്കാന്‍ സാബിര്‍ കോടതിയിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ അബു പോലീസിന് നല്കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കും. മുന്‍സിഫ് കോടതിയില്‍ മൊഴി മാറ്റിയതും പിന്നീട് തിരുത്തിപ്പറയുന്നതും ചൂണ്ടിക്കാട്ടി അബുവിനെ വിശ്വസനീയമല്ലാത്ത സാക്ഷിയായി കണക്കാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.
ടി.വി.രാജേഷ് ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് നല്കിയിട്ടുണ്ട്. പ്രതികള്‍ കോടതിയില്‍ ഹാജരായി പുതിയ ജാമ്യമെടുക്കുകയാണ് നടപടിക്രമം. എന്നാല്‍ പി.ജയരാജനും മറ്റുചില പ്രതികളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകില്ല. ഇവര്‍ അഭിഭാഷകന്‍ മുഖേന ജാമ്യത്തിന് സമയംതേടാനാണ് സാധ്യത. കേസില്‍ പി.ജയരാജനും ടി.വി.രാാജേഷുമടക്കം 33 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഫിബ്രവരി 20നാണ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
(മാതൃഭൂമി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.