Latest News

ടി.പി. മുഹമ്മദ്കുഞ്ഞിയുടെ വിയോഗം തളിപ്പറമ്പിന്റെ നഷ്ടമായി

തളിപ്പറമ്പ് . വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന പ്രഫ. ടിപി എന്നറിയപ്പെടുന്ന ടി.പി. മുഹമ്മദ്കുഞ്ഞിയുടെ വിയോഗം തളിപ്പറമ്പിന്റെ നഷ്ടമായി. കോഴിക്കോട് ഫറോക്കില്‍ നിര്യാതനായ ടിപിയുടെ ഓര്‍മകളിലാണ് അദ്ദേഹത്തിന്റെ പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും. ഒരു ദശാബ്ദത്തിലധികം സര്‍ സയ്യിദ് കോളജ് ഇംഗിഷ് അധ്യാപകനും വകുപ്പ് മേധാവിയുമായിരുന്ന ടി.പി.മുഹമ്മദ്കുഞ്ഞി വിരമിച്ച ശേഷവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അധ്യയനരംഗത്ത് സജീവമായിരുന്നു.
മിക്കസ്ഥലങ്ങളിലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയിരുന്നത്. പയ്യന്നൂര്‍ കവ്വായി സ്വദേശിയായിരുന്ന മുഹമ്മദ്കുഞ്ഞി ചെന്നൈ പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ആന്ധ്ര കര്‍ണൂല്‍ ഉസ്മാനിയ കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കൊണ്ടോട്ടി എംഇഎസ്, എംഇഎസ് കോളജ്, മമ്പാട് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.
1971ലാണ് സര്‍ സയ്യിദ് കോളജില്‍ ഇംഗിഷ് അധ്യാപകനായി ചേര്‍ന്നത്. 1987ല്‍ വിരമിച്ച ശേഷവും വിവിധ സ്ഥാപനങ്ങളിലായി സേവനം തുടര്‍ന്നിരുന്നു. ഇതോടൊപ്പം വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളിലും ടിപി സജീവമായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കളുമായും മറ്റും ഉറ്റസൌഹൃദം പുലര്‍ത്തിയിരുന്നു. സി.എച്ച്.മുഹമ്മദ്കോയ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
മദ്യവര്‍ജന സംഘടനകളിലും ടിപി സജീവ പ്രവര്‍ത്തകനായി. മികച്ച വാഗ്മിയുമായിരുന്ന ടിപി സിറ്റിസണ്‍സ് ഫോറം, പ്രത്യൂഷവേദി തുടങ്ങിയവയുടെ അമരക്കാരനുമായിരുന്നു. ടിപിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ പ്രത്യൂഷവേദിയുടെ നേതൃത്വത്തില്‍ ഇന്ന് അഞ്ചിന് പ്രത്യൂഷ ബുക്സ് പരിസരത്ത് അനുശോചന യോഗം നടക്കും. ടിപിയുടെ നിര്യാണത്തില്‍ സര്‍സയ്യിദ് കോളജ് അലുമ്നി അസോസിയേഷന്‍ അനുശോചിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.