Latest News

മഅദനിയുടെ ജാമ്യത്തിന് പി.ഡി.പിക്ക് ലക്ഷങ്ങള്‍ ചെലവ്

കോഴിക്കോട്: മകളുടെ നിക്കാഹില്‍ സംബന്ധിക്കാന്‍ അബ്ദുന്നാസിര്‍ മഅദനിക്ക് ലഭിച്ച ഇടക്കാല ജാമ്യത്തിനു ലക്ഷങ്ങള്‍ ചെലവുവരുമെന്നു വിലയിരുത്തല്‍. ശനിയാഴ്ച രാവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നു പുറപ്പെടുന്നതു മുതല്‍ ബുധനാഴ്ച തിരിച്ചെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ ചെലവുകളും പി.ഡി.പി വഹിക്കാനാണ് തീരുമാനം. ഇതിനായി ഉദാരമതികളുടെ സഹായമാണു പ്രതീക്ഷിക്കുന്നതെന്നു പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു.
സ്വന്തം ചെലവില്‍ നാട്ടില്‍പോവണമെന്ന ഉപാധിയോടെയാണു പ്രത്യേക കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. ചികില്‍സയും കേസിന്റെ കാര്യങ്ങളും മഅദനി ഫോറം നിര്‍വഹിക്കുന്നതിനാല്‍ ഇടക്കാല ജാമ്യവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും പാര്‍ട്ടി വഹിക്കണമെന്ന തീരുമാനമാണു കഴിഞ്ഞദിവസം നേതൃയോഗത്തിലുണ്ടായത്.
ശനിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കു ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണു പ്രതീക്ഷ. തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന വിമാനത്തില്‍ മഅദനി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ആറ് സായുധ പോലിസ് ഉദ്യോഗസ്ഥരും മക്കളായ ഉമര്‍ മുക്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരുമാണു വിമാനത്തില്‍ മഅദനിയോടൊപ്പമുണ്ടാവുകയെന്നു പൂന്തുറ സിറാജ് പറഞ്ഞു. ഒരാള്‍ക്ക് 5,100 രൂപയാണ് വിമാനടിക്കറ്റ് നിരക്ക്.
രാവിലെ 10.40ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന മഅദനിയെ പ്രത്യേക ആംബുലന്‍സിലാണ് കിംസ് ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോവുക. തുടര്‍ന്ന് റോഡ്മാര്‍ഗം കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. 13 വരെ അവിടെയാവും മഅദനി.
ഞായറാഴ്ച മകള്‍ ഷമീറയുടെ നിക്കാഹ് നടക്കുന്ന കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലേക്കും പ്രത്യേക ആംബുലന്‍സിലാണ് മഅദനി യാത്ര ചെയ്യുക. 45 മിനിറ്റാണ് വിവാഹ ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കുക. വിവാഹശേഷം അസീസിയ മെഡിക്കല്‍ കോളജിലേക്ക് തിരിച്ചുപോവും.
തിങ്കളാഴ്ച രാവിലെ അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനെ സന്ദര്‍ശിക്കും. ബുധനാഴ്ച ബാംഗ്ലൂരിലേക്കു തിരിച്ചുപോവുന്നതുവരെ അസീസിയ മെഡിക്കല്‍ കോളജില്‍ പരിശോധനകളും വിശ്രമവുമായി കഴിച്ചുകൂട്ടും. മഅദനിക്കൊപ്പം വരുന്ന ബാംഗ്ലൂരിലെ പോലിസ് ഉദ്യോഗസ്ഥരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ചെലവുകളും പി.ഡി.പി വഹി­ക്കും.
(Thejas)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.