നിങ്ങള്‍ കാണിക്കുന്ന അമിതാവേശം ഞാന്‍ നിങ്ങളിലേക്ക് എത്തുന്നതിന് കൂടുതല്‍ കാലതാമസം വരുത്തുമെന്ന വാക്കുകളോടെയാണ് മഅദനി തുടങ്ങിയത്. പ്രസംഗത്തിന് പറ്റുന്ന അവസ്ഥയിലല്ല താനെന്നും അനുയായികള്‍ പ്രതികരണങ്ങള്‍ ഹൃദയത്തിലൊതുക്കണമെന്നും പുറത്തുകാട്ടരുതെന്നും അദ്ദേഹം ആദ്യം തന്നെ പറഞ്ഞു. തന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. ഇടതുകണ്ണിന്റെ കാഴ്ച അല്‍പം മാത്രമാണ് അവശേഷിക്കുന്നത്. നീതിയുടെ അകലെ നിന്നുള്ള പ്രകാശം പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെങ്കിലും താന്‍ ദുഖിതനല്ല. ഇത് ഒരു പരീക്ഷണമായിപ്പോലും കാണുന്നില്ല. തന്നെ സ്ഫുടം ചെയ്യാന്‍ സര്‍വശക്തന്‍ വരുത്തിയ അവസരമായിട്ടാണ് കാണുന്നത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളില്‍പെട്ടവരും രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരും താന്‍ നേരിടുന്ന അനീതിക്കെതിരേ ശക്തമായി നിലകൊള്ളുന്നു എന്നതാണ് കാരാഗൃഹത്തിന്റെ ഇരുളിലും തനിക്ക് സമാധാനവും ശക്തിയും നല്‍കുന്നതെന്ന് മഅദനി പറഞ്ഞു.
നേരത്തെ പലരെയും വേദനിപ്പിക്കുന്ന പല പരാമര്‍ശങ്ങളും തന്റെ പ്രസംഗങ്ങള്‍ക്കിടെ ഉണ്ടായിട്ടുണ്ടാകാം. അത് തന്റെ ശൈലിയുടെ ഭാഗമായി വന്നുപോയതാണ്. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി ശംഖുമുഖത്തെത്തിയപ്പോള്‍ അതിന് താന്‍ മാപ്പുചോദിച്ചതാണെന്നും മഅദനി പറഞ്ഞു. ബാംഗളൂര്‍ സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് കര്‍ണാടക ജയിലിലായിരുന്ന മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അഞ്ച് ദിവസമാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തെ കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പന്ത്രണ്ട് മണിയോടെ അദ്ദേഹം വിവാഹവേദിയിലെത്തിയത്. ആയിരക്കണക്കിന് പിഡിപി പ്രവര്‍ത്തകര്‍ മഅദനിയെ കാണാന്‍ വിവാഹവേദിയില്‍ തടിച്ചുകൂടിയിരുന്നു. ആംബുലന്‍സില്‍ മഅദനി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ കവാടം കടന്നപ്പോഴേക്കും അനുയായികളുടെ ആവേശം അണപൊട്ടിയിരുന്നു. ആംബുലന്‍സില്‍ നിന്നിറങ്ങിയ മഅദനി അനുയായികള്‍ക്ക് നേരെ കൈവീശി.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, പീതാംബരക്കുറുപ്പ്, തോമസ് ഐസക് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. വിവാഹവേദിയില്‍ പിണറായിക്കും ഇ.ടി മുഹമ്മദ് ബഷീറിനും മധ്യത്തില്‍ ഇരുന്നാണ് മഅദനി ലഘുപ്രസംഗം നടത്തിയത്. എന്നാല്‍ സംസ്ഥാനമന്ത്രിമാരുടെ അഭാവം ശ്രദ്ധേയമായി.
No comments:
Post a Comment