Latest News

വീണ്ടും ജഗതി മാധ്യമങ്ങൾക്ക് മുൻപിൽ

തിരുവനന്തപുരം: വരകളുള്ള വെള്ള പാന്റ്‌സും പൂക്കള്‍ തുന്നിയ വെള്ള ഷര്‍ട്ടുമണിഞ്ഞ് ഒരു കൊല്ലത്തിനിപ്പുറം മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി ക്യാമറകള്‍ക്കു മുന്നിലെത്തി.പക്ഷേ ഇക്കുറി മൂവി ക്യാമറകള്‍ക്ക് മുന്നിലായിരുന്നില്ല; മറിച്ച് തന്നില്‍ നിന്ന് ഒരു വാക്കെങ്കിലും കേള്‍ക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലായിരുന്നു അത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ അദ്ദേഹം തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു.
ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നടുവില്‍ വീല്‍ ചെയറിലിരുന്ന് എല്ലാം ശ്രദ്ധിക്കുകയായിരുന്നു ജഗതി. ക്യാമറാ ഷട്ടറുകള്‍ തുടര്‍ച്ചയായി തുറന്നടഞ്ഞ ശബ്ദങ്ങള്‍ക്കിടെ അദ്ദേഹം പലവുരു ചുറ്റും കണ്ണോടിച്ചു. ''ഇവരോട് ഹായ് പറയ്, എന്തിനാ വന്നതെന്ന് ചോദിക്ക്'' എന്ന് ജഗതിയുടെ ഭാര്യ ശോഭ ഒന്നു രണ്ടുതവണ ആവര്‍ത്തിച്ചപ്പോള്‍ മുഖത്ത് സ്വതസിദ്ധമായ ആ മന്ദഹാസം വിടര്‍ന്നു.
വീല്‍ചെയറിലിരുന്ന ജഗതിക്ക് ചുറ്റും നിന്ന് ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്കായി സംസാരിച്ചു. എല്ലാവരെയും തിരിച്ചറിയുന്നുണ്ടെന്നും നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ പറഞ്ഞു. പരസഹായത്തോടെയെങ്കിലും നന്നായി നടക്കുന്നു. ഇപ്പോള്‍ എല്ലാ ഭക്ഷണവും കഴിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെയൊക്കെ നന്നായി ഓര്‍ക്കുന്നു. തമാശകളൊക്കെ ആസ്വദിക്കുന്നുമുണ്ട്.
ഇനി സംസാരം ശരിയാകണം. നല്ല മൂഡിലാണെങ്കില്‍ പപ്പ സംസാരിക്കും. രണ്ടു കൊല്ലംകൊണ്ട് സംസാരം പൂര്‍വസ്ഥിതിയിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷ-രാജ്കുമാര്‍ പറഞ്ഞു.
കൊച്ചുമക്കളുടെ കളി തമാശകള്‍ അദ്ദേഹത്തില്‍ നല്ല പുരോഗതിയുണ്ടാക്കുന്നുണ്ടെന്ന് ജഗതിയുടെ ഭാര്യ ശോഭ പറഞ്ഞു. ക്യാമറ കാണുമ്പോഴും അടുത്ത സുഹൃത്തുക്കളെ കാണുമ്പോഴും അദ്ദേഹത്തിന് സന്തോഷമുണ്ടാകുന്നുണ്ട്. സിനിമക്കാര്യങ്ങള്‍ പറയുന്നതാണ് ഏറെ ഇഷ്ടം-ശോഭ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് നാലിന് ജഗതി മാധ്യമങ്ങളെ കാണുമെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചിരുന്നത്. ഇതിന് ഏറെ മുമ്പുതന്നെ മാധ്യമ പ്രവര്‍ത്തകരുടെ വന്‍ പട പേയാട്ടെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തമ്പടിച്ചിരുന്നു. നാലുമണിയോടെ വീല്‍ചെയറില്‍ അദ്ദേഹം വീട്ടിന് പുറത്തെത്തി. ഒപ്പം ഭാര്യ ശോഭ, മക്കളായ രാജ്കുമാര്‍, പാര്‍വതി, മരുമക്കള്‍ ഷോണ്‍, പിങ്കി, കൊച്ചുമക്കള്‍ പി.സി. ജോര്‍ജ്, ജഗന്‍ രാജ് എന്നിവരും വന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ആസ്പത്രിവിട്ട അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പേയാട്ടെ വീട്ടിലെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് മലപ്പുറം പാണമ്പ്ര വളവിലാണ് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
mathrubhumi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.