Latest News

വര്‍ണശബളമായ ചടങ്ങില്‍ അറബ് ഉച്ചകോടി ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു


ദോഹ: 24ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ പ്രൗഢോജ്ജ്വല തുടക്കം. ഷെറാട്ടണ്‍ ഹോട്ടലിലെ ദഫ്ന ഹാളില്‍ അംഗരാഷ്ട്രങ്ങളിലെ ഭരണാധികാരികളും നിരവധി അന്താരാഷ്ട്ര വേദികളുടെ തലവന്‍മാരും തിങ്ങിനിറഞ്ഞ വര്‍ണശബളമായ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
പശ്ചിമേഷ്യയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെങ്കില്‍ അറബ്ലോകത്തിന്‍െറ കാതലായ ഫലസ്തീന്‍ പ്രശ്നം പരിഹരിച്ചേ മതിയാകൂവെന്ന് അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രശ്നം നീതിയുക്തവും ശാശ്വതവുമായി പരിഹാരിക്കപ്പെടുകയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍ ഖുദ്സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. ശക്തിയിലൂടൈ സമാധാനം നിലനിര്‍ത്താനാവില്ലെന്ന് ഇസ്രായേല്‍ മനസ്സിലാക്കണം. ഫലസ്തീനികള്‍ ജയിലറകളില്‍ കഴിയുകയും അല്‍ അഖ്സ പള്ളിക്ക് നേരെ കൈയ്യേറ്റം തുടരുകയും അധിനിവേശം നിലനില്‍ക്കുകയും ചെയ്യുന്നിടത്തോളം കാലം സമാധാനമുണ്ടാകില്ലെന്ന യാഥാര്‍ഥ്യം ഇസ്രായേല്‍ അംഗീകരിക്കണം.
ഫലസ്തീനിലെ വ്യത്യസ്ത വിഭാഗങ്ങളെ തമ്മില്‍ രമ്യതയിലെത്തിക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം മുന്‍കൈയ്യെടുത്ത് കെയ്റോയില്‍ ഉടന്‍ മിനി ഉച്ചകോടി വിളിച്ചുചേര്‍ക്കണമെന്ന് അമീര്‍ നിര്‍ദേശിച്ചു.

താല്‍പര്യമുള്ള അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ഫതഹ്, ഹമാസ് നേതൃത്വങ്ങളെയും ഉച്ചകോടിയില്‍ പങ്കെടുപ്പിക്കണം. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ഉച്ചകോടികളിലെ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനായില്ലെന്നത് ഖേദകരമാണ്. ഖുദ്സ് സംരക്ഷണത്തിന് നൂറ് കോടി ഡോളറിന്‍െറ ഫണ്ട് ഉടന്‍ സ്ഥാപിക്കേണ്ടതുണ്ട്. ഫണ്ടിലേക്ക് ഖത്തര്‍ 25 കോടി ഡോളര്‍ സംഭാവന ചെയ്യുന്നതായി അമീര്‍ പ്രഖ്യാപിച്ചു. ബാക്കി തുക മറ്റ് അറബ്ലീഗ് രാഷ്ട്രങ്ങളും ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്കും നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉപരോധത്തിന്‍െറ കെടുതികള്‍ നേരിടുന്ന ഗസ്സയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. സിറിയന്‍ ജനത രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് ലജ്ജാകരമാണ്. ഉജ്ജ്വലമായ അറബ് സംസ്കാരത്തിന്‍െറ ഉടമകളായ അവര്‍ സ്വന്തം നാട്ടിലും അഭയാര്‍ഥിക്യാമ്പുകളിലും നേരിടുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞ് ഒപ്പം നില്‍ക്കുന്നത് ആരാണെന്ന് ചരിത്രം രേഖപ്പെടുത്തും. അവര്‍ക്ക് മാനുഷികമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ എല്ലാ രാഷ്ട്രങ്ങളും മുന്നോട്ടുവരണം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

കേവലമായ മുദ്രാവാക്യങ്ങള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമപ്പുറം വ്യക്തമായ വീക്ഷണത്തോടും പഠനത്തോടും കൂടിയ പരിഷ്കരണ പ്രവര്‍ത്തനങ്ങളാണ് അറബ് ലോകത്തിന് ആവശ്യം. ഈജിപ്ത് പോലെ വിപ്ളവം നടന്ന രാഷ്ട്രങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സഹായം നല്‍കേണ്ടത് എല്ലാ രാജ്യങ്ങളുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

സിറിയന്‍ പ്രതിപക്ഷ നേതാവ് മുആസ് അല്‍ ഖാതിബിനെയും സംഘത്തെയും ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് അമീര്‍ തന്‍െറ പ്രസംഗം ആരംഭിച്ചത്. ഉടനീളം ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അമീറിന്‍െറ പ്രസംഗം. സിറിയന്‍ ജനതയുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടവെ മുന്‍ ജനതകള്‍ അനുഭവിച്ച പീഡനങ്ങള്‍ ഓര്‍പ്പെടുത്തിയ അദ്ദേഹം ക്ഷമാശീലരുടെ അന്തിമവിജയവും രക്തസാക്ഷികളുടെ മഹത്വവും പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു. ഫലസ്തീനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ച ശേഷം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുന്നവര്‍ അല്ലാഹുവിന്‍െറയും രാഷ്ട്രത്തിന്‍െറയും ചരിത്രത്തിന്‍െറയും മുന്നില്‍ ഉത്തരം പറയേണ്ടിവരുമെന്ന് അമീര്‍ ഓര്‍മപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.