Latest News

സി ഐ ടി യു സമ്മേളനം : കമലഹാസനും കലാഭവന്‍ മണിയും കണ്ണൂരിലേക്ക്

കണ്ണൂര്‍ : ഏപ്രില്‍ 4 മുതല്‍ 8വരെ കണ്ണൂരില്‍ നടക്കുന്ന സി.ഐ.ടി.യു പതിനാലാം ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാഗത കമാനങ്ങളും ആദ്യകാല തൊഴിലാളി നേതാക്കളുടെ കൂറ്റന്‍ ബോര്‍ഡുകളും കൊടി തോരണങ്ങളും കണ്ണൂരിനെ ചുവപ്പണിയിച്ചു.
1970 മെയ് 30ന് സി.ഐ.ടി.യു രൂപംകൊണ്ടതിന് ശേഷം ഇതാദ്യമായാണ് ദേശീയ സമ്മേളനത്തിന് കണ്ണൂര്‍ വേദിയാവുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നു. കൂടാതെ ആദ്യകാല തൊഴിലാളികളെ ആദരിക്കല്‍ ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന ജില്ലാ തലങ്ങളില്‍ കൈവരിക്കാന്‍ സാധിച്ച ഐതിഹാസിക നേട്ടങ്ങളും പോരാട്ടത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളും വരച്ചുകാട്ടുന്ന ചരിത്ര പ്രദര്‍ശനം 28 മുതല്‍ ആരംഭിക്കും. സിനിമാനടന്‍ കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 18 ഏരിയകളിലെ ബാന്റ് സെറ്റിന്റെ ഡിസ്‌പ്ലേ ഏപ്രില്‍ 1ന് കണ്ണൂര്‍ നഗരത്തെ പുളകച്ചാര്‍ത്തണിയിക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി, കൊടിമരം, ദീപശിഖ എന്നിവ ഏപ്രില്‍ 3ന് വൈകീട്ട് കണ്ണൂരില്‍ എത്തിച്ചേരും. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഏപ്രില്‍ 4ന് കാലത്ത് പയ്യാമ്പലത്ത് നിന്നും കൊണ്ടുവരും. കലാ സാംസ്‌കാരിക പരിപാടികള്‍ 23മുതല്‍ ആരംഭിക്കും.
ലോകസിനിമയിലെ ഇതിഹാസം കമലഹാസന്‍ ഉള്‍പ്പെടെയുള്ളവരെ കലാ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവരികയാണ്. കമലഹാസന്‍ ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. ടി.എം ജനാര്‍ദനന്റെ നാമധേയത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. 25 മുതല്‍ എല്ലാ ദിവസങ്ങളിലും വൈകീട്ട് കണ്ണൂരില്‍ വിളംബര ജാഥകളും നടക്കും. വിദേശ പ്രതിനിധികളടക്കം 2000ത്തിലേറെ പേര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ തൊഴിലാളി പ്രസ്ഥാനം നടത്തിയ സമരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നുവരികയാണ്. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകീട്ട് 5ന് പയ്യന്നൂരില്‍ നടക്കുന്ന സെമിനാറില്‍ കെ.എം. രവീന്ദ്രനാഥ്, കാനം രാജേന്ദ്രന്‍, പി.കെ. ഗോപാലന്‍, എം.പി ഭാര്‍ഗവന്‍ തുടങ്ങിയ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും. ‘യു.പി.എ സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍’ എന്നതാണ് സെമിനാറിലെ വിഷയം. നാളെ വൈകീട്ട് അഞ്ചിന് അഞ്ചരക്കണ്ടിയില്‍ ‘സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍
നടക്കുന്ന സെമിനാറില്‍ എളമരം കരീം എം.എല്‍.എ, എം.സി നാരായണന്‍ നമ്പ്യാര്‍, എം. മഹബൂബ് തുടങ്ങിയവര്‍ പങ്കെടുക്കും. ‘തൊഴിലാളി കര്‍ഷക ഐക്യത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ പെരിങ്ങോം ബസാറില്‍ നാളെ വൈകീട്ട് 4ന് നടക്കുന്ന സെമിനാറില്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.വി. രാമകൃഷ്ണന്‍, കെ.എം സുധാകരന്‍, കെ.കെ. രാഗേഷ് എന്നിവരും പങ്കെടുക്കുന്നുണ്ട്. 20ന് വൈകീട്ട് 5മണിക്ക് ഇരിട്ടിയില്‍ ‘ചെറുകിട വില്‍പന മേഖലയിലെ വിദേശ നിക്ഷേപം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ. ചന്ദ്രന്‍ പിള്ള, ടി. നസിറുദ്ദീന്‍, ബെന്നി ഇമ്മട്ടി, ജെയിംസ് മാത്യു എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. കൂടാതെ വിവിധ വിഷയങ്ങളെ അധികരിച്ച് പിലാത്തറ, പിണറായി, കൂത്തുപറമ്പ്, താഴെചൊവ്വ, പേരാവൂര്‍, തളിപ്പറമ്പ്, പാനൂര്, പാപ്പിനിശ്ശേരി, മട്ടന്നൂര്‍, മയ്യില്‍, ശ്രീകണ്ഠാപുരം, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലും സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാപനം കുറിച്ച് ഏപ്രില്‍ 8ന് വൈകീട്ട് കണ്ണൂര്‍ നഗരത്തില്‍ രണ്ട് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന മഹാറാലിയും ഉണ്ടാകും.പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.പി. സഹദേവന്‍, പി വി കൃഷ്ണന്‍, അരക്കന്‍ ബാലന്‍, എം സുരേന്ദ്രന്‍, വാടി രവി, തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.