Latest News

വീട്ടിലെത്തിയ ഈനാംപേച്ചിയെ കാണാന്‍ നാട്ടുകാരുടെ തിരക്ക്‌

കോഴിക്കോട്‌: അളുങ്ക്, ഉറുമ്പുതീനി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈനാംപേച്ചി വീട്ടിലെത്തിയത് കൗതുകമായി. അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഈ ജീവി കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡില്‍ പാറക്കോട്ടുതാഴം അരീക്കല്‍താഴത്ത് സുനില്‍കുമാറിന്റെ വീട്ടിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയത്. വിവരമറിഞ്ഞ ഒട്ടേറെപ്പേര്‍ വീട്ടില്‍ തടിച്ചുകൂടി.
വ്യാഴാഴ്ച രാത്രി വളര്‍ത്തുനായയുടെ കുരകേട്ട് പരിസരം ശ്രദ്ധിച്ചപ്പോഴാണ് കൂട്ടിയിട്ട ഓട്ടിന്‍കഷ്ണങ്ങള്‍ക്കിടയില്‍ ഇരതേടുന്ന ജീവിയെ വീട്ടുകാര്‍ കണ്ടെത്തിയത്. ഉറുമ്പ്, ചിതല്‍, അവയുടെ മുട്ട, ചെറിയതരം പുഴുക്കള്‍ എന്നിവയാണ് ഇവയുടെ ആഹാരം. പുളിയുറുമ്പാണ് ഇഷ്ടഭക്ഷണം. ഉറുമ്പിനെയും ചിതലിനെയുമൊക്കെ അവയുടെ മാളത്തില്‍നിന്നും പിടിക്കാന്‍ പാകത്തിനാണ് നാവിന്റെ ഘടന. നീണ്ടുമെലിഞ്ഞ നാക്കിന് ശരീരത്തിന്റെ പകുതി നീളം വരും. ഏഷ്യയിലും ആഫ്രിക്കയിലുംമാത്രം കാണപ്പെടുന്ന ഇവ ദക്ഷിണേന്ത്യന്‍ കാടുകളിലാണ് കൂടുതലായുള്ളത്. ആപത്തുവരുമ്പോള്‍ ഈനാംപേച്ചി പെട്ടെന്ന് ചുരുണ്ട് 'പന്ത്' രൂപത്തിലായി മാറും. ഇംഗ്ലീഷില്‍ പാംഗോളിന്‍ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മാനിസ്‌ക്രാസികോ ഡാറ്റാ എന്നാണ്. ഉള്‍വനങ്ങളില്‍പ്പോലും അപൂര്‍വമായി കാണുന്ന ഇവയെ വനംവകുപ്പ് ഷെഡ്യൂള്‍ രണ്ട് വിഭാഗത്തില്‍പ്പെടുത്തി പ്രത്യേകം സംരക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.