Latest News

‘ഗുജറാത്തല്ല, കേരളമാണ് മോഡല്‍’ -കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: ഗുജറാത്തല്ല, കേരളമാണ് ഇന്ത്യക്ക് മോഡലെന്നും ഗുജറാത്തിനെ മോഡലായി ഉയര്‍ത്തിക്കാട്ടുന്നത് അവിടെയുണ്ടായ മനുഷ്യ കൂട്ടക്കുരുതിയെ ന്യായീകരിക്കാനാണെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മോഡലിനെക്കുറിച്ച് കഴിഞ്ഞദിവസം കെ.എം. ഷാജി എം.എല്‍.എയുടെതായി ചാനലുകളില്‍ വന്ന പ്രസ്താവന തിരുത്തിക്കൊണ്ടാണ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചത്.
ഗുജറാത്ത് മോഡലല്ല എന്നാണ് ഷാജി പറഞ്ഞത്. രാമേശ്വരത്തെ ക്ഷൗരംപോലെ ഷാജിയുടെ അഭിപ്രായം അവിടെനിന്നും ഇവിടെനിന്നുമെടുത്ത് വാര്‍ത്തയുണ്ടാക്കുകയാണ് ചെയ്തത്. ഷാജി പ്രസംഗിച്ചതിന്‍െറ കാസറ്റ് മുഴുവന്‍ നോക്കിയപ്പോള്‍ കുഴപ്പമില്ല. ഗുജറാത്തിലെ വ്യവസായങ്ങള്‍ ഇപ്പോള്‍ പൊട്ടിമുളച്ചതല്ല. ബി.ജെ.പി സര്‍ക്കാര്‍ വരുന്നതിനു മുമ്പേയുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളമാണ് മുന്നില്‍.
ഐ.ടി സാക്ഷരതയുടെ കാര്യത്തിലും കേരളം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. ഒരു ഓഫിസ് മുഴുവന്‍ പോക്കറ്റില്‍ സൂക്ഷിക്കാനും എവിടെയിരുന്നും ഓഫിസ് പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇതാണ് ഷാജി വിശദീകരിച്ചത്.
ഷുക്കൂര്‍ വധക്കേസില്‍ സാക്ഷിമൊഴി മാറ്റിക്കാന്‍ ലീഗിലെ ഏതെങ്കിലും വലിയവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരെ ഭൂമിയോളം താഴ്ത്താന്‍ ലീഗിന് കഴിയുമെന്നും എത്ര വലിയവനായാലും പുറത്തേക്ക് വലിച്ചെറിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പണക്കാരെ ബഹുമാനിക്കുന്ന പ്രശ്നമില്ല. പണക്കാരാണെങ്കില്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കണം. അത്തരക്കാരുടെ കളിയൊന്നും ലീഗിനോട് വേണ്ട.
മുസ്ലിം ലീഗ് ഇവിടെ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്‍െറ സ്ഥിതി മറ്റൊന്നാകുമായിരുന്നു. മതേതരത്വം നിലനിര്‍ത്താന്‍ ലീഗ് അത്യാവശ്യമാണെന്ന് പറഞ്ഞവര്‍ തന്നെയാണ് ലീഗിന്‍െറ പേരില്‍ വര്‍ഗീയത ആരോപിക്കുന്നത്. മുസ്ലിം ലീഗ് കേരളത്തിന്‍െറ ഏറ്റവും വലിയ കൈമുതലാണ്. ലീഗിനെ ഇന്ത്യയിലാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ കഴിവുവെച്ച് ബംഗാളിലും അരക്കൈ നോക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
(Madhyamam)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.