Latest News

ഹജ്ജ് കമ്മിറ്റി തീരുമാനം അറിയിച്ചില്ല; പ്രായംകൂടിയവരുടെ അവസരം നഷ്ടമായി

മലപ്പുറം: സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോവുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകളില്‍ ഇളവു വരുത്തിയ വിവരം യഥാസമയം വിശ്വാസികളെ അറിയിക്കാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരവധി പേരുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി. ഈ വര്‍ഷത്തെ ഹജ്ജിനു പോവുന്ന 70 വയസ്സ് പ്രായം കഴിഞ്ഞവരുടെയും സഹായികളെ (മഹ്‌റം)ആവശ്യമായ സ്ത്രീകളുടെയും അവസരമാണ് ഇതിലൂടെ നഷ്ടപ്പെട്ടത്.

ഒന്നര മാസം മുമ്പ് 2013ലെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കായി ഹജ്ജ് മന്ത്രാലയം ഇതുവരെയില്ലാത്ത ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നു. 70 വയസ്സു കഴിഞ്ഞ പുരുഷ അപേക്ഷകര്‍ക്ക് നറുക്കെടുപ്പില്ലാതെ റിസര്‍വ് കാറ്റഗറിയില്‍ സീറ്റ് ലഭിക്കണമെങ്കില്‍ നേരത്തേ ഹജ്ജ് കര്‍മം നിര്‍വഹിക്കാത്ത സഹായി വേണമെന്നായിരുന്നു ഇതിലൊന്ന്. സഹായിയായി സ്ത്രീകളുടെ കൂടെ പോകുന്നയാള്‍ മുമ്പ് ഹജ്ജ് ചെയ്ത ആളായിരിക്കാന്‍ പാടില്ലെന്ന നിയമവും കൊണ്ടുവന്നിരുന്നു. ഇക്കാരണത്താല്‍ ആയിരക്കണക്കിന് പ്രായം കൂടിയ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ അപേക്ഷ പോലും നല്‍കാന്‍ സാധിച്ചിരുന്നില്ല.

70 കഴിഞ്ഞ ആരോഗ്യമുള്ള വളരെ ചുരുക്കം ആളുകള്‍ നറുക്കെടുപ്പിലൂടെ മാത്രം അവസരം ലഭിക്കുന്ന ജനറല്‍ കാറ്റഗറിയില്‍ പോകാന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ രണ്ട് നിയമങ്ങളും പുതിയതായി കൊണ്ടുവന്നപ്പോള്‍തന്നെ മുസ്്‌ലിം സംഘടനകളും ഹജ്ജ് സേവന സംഘടനകളും ഈ നിയമം അശാസ്ത്രീയമാണെന്ന് അഭിപ്രായപ്പെട്ടതാണ്. ഏതാനും എം.പിമാരും എം.എല്‍.എമാരും ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരസിച്ചു.

എന്നാല്‍, ഈ മാസം 22ന് ഈ രണ്ട് നിയമങ്ങളിലും ഇളവനുവദിച്ച് ഹജ്ജ് മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹജ്ജിന് അപേക്ഷിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഈ ഇളവു പ്രഖ്യാപനം. പുതിയ ഉത്തരവനുസരിച്ച് 70 കഴിഞ്ഞവര്‍ക്ക് സഹായിയായി മുമ്പ് ഹജ്ജ് ചെയ്തവരേയും പറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സഹായിയായി സ്ത്രീകളുടെ കൂടെ പോകുന്നവര്‍ക്കും മുമ്പ് ഹജ്ജ് ചെയ്തുവെന്നത് തടസ്സമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഫലത്തില്‍ ആദ്യത്തില്‍ ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ച രണ്ടു കര്‍ശന വ്യവസ്ഥകളും നീക്കിയിരിക്കുകയാണ്. മഹ്‌റമായി പോകുന്നവര്‍ നേരത്തേ സര്‍ക്കാര്‍ സബ്‌സിഡിയില്‍ ഹജ്ജിന് പോയിട്ടുണെ്ടങ്കില്‍ വിമാന ചാര്‍ജ് മുഴുവനായും നല്‍കണമെന്നും സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുമ്പ് ഹജ്ജിന് പോയ ആളല്ലാതെ മഹ്‌റം പോവാനില്ലെന്നു സ്ത്രീകള്‍ പ്രത്യേക സത്യവാങ്മൂലവും നല്‍കണം എന്നു മാത്രം. ഈ നിബന്ധനകള്‍ കാരണം 70 കഴിഞ്ഞ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ മുമ്പ് ഹജ്ജിനു പോയവരെ സഹായിയായി പറ്റില്ലെന്നതിനാല്‍ ഇത്തവണ അപേക്ഷ പോലും നല്‍കിയില്ല. മകനും ഭര്‍ത്താവും സഹോദരനും നേരത്തേ ഹജ്ജിനു പോയവരായതിനാല്‍ നിരവധി സ്ത്രീകള്‍ക്കാണ് ഇത്തവണ അപേക്ഷിക്കാന്‍ കഴിയാതിരുന്നത്. പുതിയ ഉത്തരവ് അവസാന നിമിഷമായതിനാല്‍ ഇവര്‍ക്ക് പുതിയതായി അപേക്ഷിക്കാനും സാധിച്ചില്ല.

പുതിയ ഉത്തരവ് യഥാസമയം ആരെയും അറിയിക്കാതെ ഒരിക്കല്‍ കൂടി കേന്ദ്ര ഹജ്ജ് മന്ത്രാലയം അവരുടെ കെടുകാര്യസ്ഥത തെളിയിക്കുകയും ചെയ്തു. മാര്‍ച്ച് 22നാണ് പുതിയ ഉത്തരവ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികളെയോ ഉത്തരവാദപ്പെട്ട ഹജ്ജ് സേവന സംഘടനകളെയോ ഇവര്‍ വിവരം അറിയിച്ചില്ല. പത്രങ്ങളിലൂടെ ഇളവിന്റെ പുതിയ കാര്യം പരസ്യപ്പെടുത്താനും മന്ത്രാലയം തയ്യാറായില്ല.
(Thejas)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.