Latest News

വ്യാപാരിയുടെ ആംഡബര കാര്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍

കണ്ണൂര്‍ : സൗഹൃദം നടിച്ച് വ്യാപാരിയുടെ ആഡംബര കാര്‍ കൈക്കലാക്കിയ യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരത്തെ കുന്ന്യന്റവിട ഹൗസില്‍ കെ നൗഫലിനെ (26)യാണ് ടൗണ്‍ എസ് ഐ കെ സനില്‍കുമാര്‍, അഡീഷനല്‍ എസ് ഐ ഫിലിപ്പ് തോമസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലെ വ്യാപാരിയായ ഹാറൂണിന്റെ എം എച്ച്. 02- ജെ പി 6786 നമ്പര്‍ ഹോണ്ട സി ആര്‍ വി കാര്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മൂന്നുമാസം മുമ്പാണ് നൗഫല്‍ വ്യാപാരിയുടെ കാര്‍മോഷണം നടത്തിയത്. വീടുമായി അകന്ന് കഴിയുന്ന നൗഫല്‍ ബാംഗ്ലൂരിലെത്തി ഹാറൂണുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി ചെയ്ത് വിശ്വാസം പിടിച്ചുപറ്റുകയുമായിരുന്നു. പിന്നീട് ബിസിനസ് ആവശ്യത്തിനായി പോകുമ്പോഴൊക്കെ ഹാറൂണ്‍ നൗഫലിനെയാണ് കൂടെകൊണ്ടുപോയിരുന്നത്. മൂന്നുമാസം മുമ്പ് എറണാകുളത്തേക്ക് വരവെ ഭാര്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഫോണ്‍ വന്നുവെന്നും അവളെ കണ്ട്‌പോകാമെന്നും നൗഫല്‍ ഹാറൂണിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ കണ്ണൂരിലെത്തിയത്. ആശുപത്രി കോമ്പൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവിടേക്ക് പോയ നൗഫല്‍ അരമണിക്കൂറിനകം തിരിച്ചെത്തി ഭാര്യക്ക് അല്‍പം സീരിയസാണെന്നും ഉടന്‍ ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഹാറൂണിനോട് പറഞ്ഞു. തിരിച്ചുപോകാന്‍ താങ്കള്‍ക്ക് ടാക്‌സി ഏര്‍പ്പാടാക്കിതരുമെന്നും കാറുമായി താന്‍ പിന്നീട് വരാമെന്നും പറഞ്ഞാണ് വ്യാപാരിയെ തിരിച്ചയച്ചത്. പോകുമ്പോള്‍ യുവാവിന് ഭാര്യയുടെ ശസ്ത്രക്രിയക്കായി രണ്ട്‌ലക്ഷം രൂപയും ഇദ്ദേഹം നല്‍കിയിരുന്നുവത്രെ. പിന്നീട് ഈ കാറുമായി നൗഫല്‍ തിരുവനന്തപുരത്തേക്ക് പോവുകയും അവിടെ 20ലക്ഷം രൂപക്ക് പണയം വെക്കുകയുമായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും നൗഫലിനെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഹാറൂണ്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. പണവുമായി സുഖിക്കാന്‍ മുംബൈ, ഡല്‍ഹി , അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രഹസ്യമായി നൗഫലിന്റെ നീക്കം നിരീക്ഷിച്ചുകൊണ്ടിരുന്ന പോലീസ് ഒടുവില്‍ വലയിലാക്കിയത്. തിരുവനന്തപുരത്ത് പണയം വെച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ ആശുപത്രിയിലാണുള്ളതെന്നത് കളവാണെന്നും ഇയാള്‍ അവിവാഹിതനാണെന്നും പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.