Latest News

രണ്ട് കിഡ്‌നികളും തകരാറിലായ ഇബ്രാഹിം ഉദാരമതികളുടെ കനിവ് തേടുന്നു

കാറഡുക്ക : രണ്ട് കിഡ്‌നികളും തകരാറിലായ ഇബ്രാഹിം ഉദാരമതികളുടെ കനിവ് തേടുന്നു. കാറഡുക്ക പഞ്ചായത്തിലെ ആദൂര്‍ ചാലമ്പള്ളം ഹൗസിലെ ഇബ്രാഹിം (50) എന്ന ഉമ്പായിച്ചയാണ് രണ്ടു കിഡ്‌നികളും തകരാറിലായി ദുരിതാവസ്ഥയിലായത്. അന്യസംസ്ഥാനങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ഉമ്പായിച്ചയുടെ ജീവിതത്തിലേക്ക് 2005 ല്‍ കടന്നുവന്ന കടുത്ത വയറുവേദനയാണ് ജീവിതം തന്നെ ദുരിതത്തിലാക്കിയത്. വയറുവേദനയെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സ തേടിയ ഉമ്പായിച്ചയോട് കിഡ്‌നിയില്‍ കല്ലുണ്ടെന്നും ശസ്ത്രക്രിയ വഴി നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യുകയും ഒരു ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചിലവഴിക്കുകയും ചെയ്തു. പിന്നീട് സുഖം പ്രാപിച്ച് ഗോവയില്‍ ജോലി ചെയ്യുന്നതിനിടെയാണ് 2011 ല്‍ വീണ്ടും ദുരിതം കൂടെ കൂടിയത്. പല സ്ഥലത്തും ചികിത്സ തേടിയെങ്കിലും വയറുവേദനയ്ക്ക് ശമനമുണ്ടായില്ല. ഒടുവില്‍ മംഗലാപുരം ഫാദര്‍മുള്ളേര്‍സ് ഹോസ്പിറ്റലില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രണ്ട് കിഡ്‌നികളും തകരാറിലാണെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. കിഡ്‌നി മാറ്റിവെച്ചാല്‍ സുഖം പ്രാപിക്കുമെന്നും ഇല്ലെങ്കില്‍ എല്ലാ മാസവും ഡയാലിസിസ് ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഒരു വര്‍ഷത്തോളമായി 

എല്ലാമാസവും ഡയാലിസ് ചെയ്തു വരികയാണ്. ഇതിനായി ഭാരിച്ച ചെലവാണ് വേണ്ടി വരുന്നത്.
ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്നു മക്കളുമുള്ള നിര്‍ദ്ദനനായ ഉമ്പായിച്ചക്ക് ജീവിത മാര്‍ഗ്ഗത്തിന് വേറെ വഴിയൊന്നുമില്ല. പതിനഞ്ച് സെന്റ് സ്ഥലവും ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ ഒരു വീടുമാണ് സമ്പാദ്യമായിട്ടുള്ളത്. നാട്ടുകാരുടെ സഹായത്താലാണ് ജീവിതം മുന്നോട്ടു പോകുന്നത്. മാസത്തില്‍ 25,000 രൂപയോളം ചികിത്സയ്ക്ക് ചെലവാകുന്നതായി ഉമ്പായിച്ച പറയുന്നു.
കനിവു വറ്റാത്ത ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ദ്ദന കുടുംബം.
ചികിത്സാ ചിലവിനായി സിന്‍ക്കേറ്റ് ബാങ്കിലെ മുള്ളേരിയ ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 42142200138071.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8943740815, 9447285769 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.