Latest News

  

നിഖില്‍കുമാര്‍ കേരള ഗവര്‍ണറാകും

ന്യൂഡല്‍ഹി: നിഖില്‍കുമാര്‍ കേരള ഗവര്‍ണറാകും. നിലവില്‍ നാഗാലാന്‍ഡിന്റെ ഗവര്‍ണറാണ് അദ്ദേഹം. കേരളാ ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫാറൂക്കിന്റെ നിര്യാണത്തെ തുടര്‍ന്നു കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജിനായിരുന്നു കേരളാ ഗവര്‍ണറുടെ ചുമതല. പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് രണ്ടുദിവസത്തിനുള്ളിലുണ്ടാകും.
ബിഹാര്‍ സ്വദേശിയായ നിഖില്‍കുമാര്‍ 2009 ഒക്‌ടോബര്‍ നാലു മുതല്‍ നാഗാലാന്‍ഡ് ഗവര്‍ണറായി പ്രവര്‍ത്തിച്ചു വരികയാണ്. ബിഹാറിലെ ഔറങ്കബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലാം ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. എന്‍എസ്ജി മേധാവി സ്ഥാനം വഹിച്ചിട്ടുള്ള നിഖില്‍കുമാര്‍ ഡല്‍ഹി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ പുത്രനാണ് നിഖില്‍കുമാര്‍. ബിഹാറിലെ വൈശാലിയില്‍ 1941 ജൂലൈ 15-നാണ് അദ്ദേഹം ജനിച്ചത്. പാറ്റ്‌ന സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലും അലഹബാദ് യൂണിവേഴ്‌സിറ്റിയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1963-ല്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. 2001-ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. അദ്ദേഹത്തിന്റെ അമ്മ കിഷോരി സിന്‍ഹ വൈശാലി മണ്ഡലത്തെ പ്രതിനിധീകരിച്ചും ഭാര്യ ശ്യാമ സിംഗ് ഔറങ്കബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചും ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.