Latest News

കാസര്‍കോടിന്റെ സമഗ്രവികസനം: 800 കോടിയുടെ ഫണ്ടിന് അംഗീകാരം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനപദ്ധതിക്ക് 12ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം 200 കോടി രൂപയുടെ ഫണ്ടിന് ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പരിഗണിച്ച് ആസൂത്രണ ബോര്‍ഡ് രൂപവല്‍ക്കരിച്ച പദ്ധതിക്ക് ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് അംഗീകാരം നല്‍കിയത്.

പദ്ധതി കാലാവധി കഴിയുന്ന നാലുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ വിഹിതമായി ജില്ലയ്ക്ക് 800 കോടി രൂപ ഇതുവഴി ലഭിക്കും. ഇതിനുപുറമെ സര്‍ക്കാര്‍ വകുപ്പുകളുടെ മറ്റു വിഹിതവും ഉണ്ടാവും. പദ്ധതിയായെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം നടത്തിപ്പിന് പ്രശ്‌നം സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ഈ സ്ഥിതി മാറ്റാന്‍ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

കാസര്‍കോട്ടുള്ള ഭാഷാ ന്യൂനപക്ഷങ്ങളായ കന്നഡ സംസാരിക്കുന്നവരുടെ നിയമനപ്രക്രിയ വേഗത്തിലാക്കാന്‍ പി.എസ്.സിയോട് ആവശ്യപ്പെടും. ജില്ലയുടെ വികസനം ലക്ഷ്യംവച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കാസര്‍കോടിനായി 11,123.07 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഈ ഫണ്ട് വഴി സംസ്ഥാനസര്‍ക്കാര്‍ നാലുവര്‍ഷം നല്‍കുന്ന 800 കോടി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ വിഹിതമായി 2524.56 കോടി, കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 756.19 കോടി, വിദേശസഹായമായി 543 കോടി, സ്വകാര്യമേഖലയും പൊതുമേഖലാ സ്ഥാപനങ്ങളും ചേര്‍ന്ന് 7264.16 കോടി രൂപ എന്നിങ്ങനെയാണു കണ്ടെത്തുക.

പദ്ധതിയില്‍ 6852 കോടി രൂപയും വ്യവസായമേഖലയ്ക്കാണ് നീക്കിവച്ചിട്ടുള്ളത്. ഊര്‍ജത്തിന് 827 കോടി, റോഡ്-പാലം എന്നിവയ്ക്ക് 787 കോടി, ജലവിതരണം 760 കോടി, കൃഷി 639 കോടി, മാലിന്യനിര്‍മാര്‍ജനവും ശുചിത്വവും 238 കോടി, ആരോഗ്യം 216 കോടി, മല്‍സ്യബന്ധനം 205 കോടി എന്നിങ്ങനെയാണു മുന്‍ഗ­ണന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.