Latest News

ഇന്ത്യന്‍ ആഭ്യന്തര ചാരന്‍ അറസ്റ്റില്‍

 ജയ്പൂര്‍ :പാക്കിസ്ഥാന് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍­ അറസ്റ്റിലായി. പൊക്രാനില്‍ ഇന്ത്യ സംഘടിപ്പിച്ച വ്യോമഷോ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് കൈമാറിയെന്ന് അധികൃതര്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കഴിഞ്ഞമാസം രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്ത കംപ്യൂട്ടര്‍ വിദഗ്ധന്‍ സമര്‍ഖാനുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി അധികൃതര്‍ പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധമന്ത്രി എ.കെ ആന്റണി എന്നിവര്‍ പൊക്രാന്‍ അതിര്‍ത്തിയില്‍ സാക്ഷ്യംവഹിച്ച ഇന്ത്യയുടെ അഭിമാനമായ വ്യോമാഭ്യാസത്തിന്റെ നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി കൈമാറിയതെന്ന് പറയപ്പെടുന്നു. ഇയാള്‍ നല്‍കിയ രേഖകളും വിവരങ്ങളും സമര്‍ഖാനാണ് ഐ.എസ്.ഐക്കു കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. സമര്‍ഖാനുമായുള്ള ടെലിഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്. വ്യോമഷോയുടെ വിവരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഐ.എസ്.ഐക്കു ചോര്‍ത്തി നല്‍കിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

( മീഡിയ വണ്‍)

Malabarflash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.