Latest News

മഞ്ചാടിക്കുരുവിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് 2012ല്‍ -അഞ്ജലി മേനോന്‍

മഞ്ചാടിക്കുരുവിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് 2012ല്‍ -അഞ്ജലി മേനോന്‍
കൊച്ചി: 'മഞ്ചാടിക്കുരു' എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് 2012 ല്‍ മാത്രമാണെന്ന് ചിത്രത്തിന്റെ സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവുമായ അഞ്ജലി മേനോന്‍. 2007 ല്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 2012 ല്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് തെറ്റായ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച് സംസ്ഥാന അവാര്‍ഡ് നേടിയെന്ന കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആരോപണത്തിന് പത്രസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍.
2007 ല്‍ ചിത്രം സെന്‍സര്‍ ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. സെന്‍സര്‍ബോര്‍ഡ് എക്‌സാമിനേഷന്‍ കമ്മിറ്റി ചിത്രം കാണുകയും ചെയ്തു. എന്നാല്‍ സമര്‍പ്പിച്ചത് ഫൈനല്‍ പ്രിന്‍റല്ലാതിരുന്നതിനാല്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഫൈനല്‍ പ്രിന്‍റ് നല്‍കാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തില്‍ അത്തരമൊരു കീഴ്‌വഴക്കമില്ലെന്നാണ് റീജിയണല്‍ സെന്‍സറിംഗ് ഓഫീസര്‍ പ്രതികരിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നിട്ടും ആ വര്‍ഷം സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയില്‍ മഞ്ചാടിക്കുരു കയറിക്കൂടിയത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സെന്‍സര്‍ബോര്‍ഡാണ് മറുപടി നല്‍കേണ്ടത്. ഇതുസംബന്ധിച്ച് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.