Latest News

സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ക്ക്‌ ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം

മനാമ: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ബഹ്‌റൈനിലെങ്ങും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും മത വിഷയങ്ങളില്‍ അഗാധ പാണ്‌ഢിത്യവുമുള്ള സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക്‌ ബഹ്‌റൈന്‍ സമസ്‌ത ആദരം. മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സമസ്‌ത പ്രസി. ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ല്യാരാണ്‌ തങ്ങള്‍ക്ക്‌ ഉപഹാരം സമര്‍പ്പിച്ചത്‌.
കഴിഞ്ഞ മാസത്തോടെയാണ്‌ തങ്ങള്‍ ബഹ്‌റൈനില്‍ മൂന്നര പതിറ്റാണ്ട്‌ തികക്കുന്നത്‌. നിലവില്‍ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുന്നതും മുമ്പ്‌ കേരളത്തിലുള്‍പ്പെട്ടിരുന്നതുമായ തേങ്ങാപട്ടണത്ത്‌ ചേര്‍ത്തല ഖാളി കുഞ്ഞിക്കോയ തങ്ങളുടെ മകളായ മാതാവ്‌ മുത്തുബീവിയുടെയും പിതാവ്‌ സയ്യിദ്‌ പൂക്കോയ തങ്ങളുടെയും മകനായി 1953ലാണ്‌ തങ്ങളുടെ ജനനം. പ്രാഥമിക പഠനങ്ങള്‍ക്ക്‌ ശേഷം 1975ല്‍ ബി.എ(ഇംഗ്ലീഷ്‌) പാസ്സായ തങ്ങള്‍ 1970 മുതല്‍ നാട്ടിലെ സമസ്‌ത മദ്രസ്സകളില്‍ അദ്ധ്യാപകനായും പള്ളി കമ്മറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. അതോടൊപ്പം നാട്ടില്‍ ഏഴ്‌ വര്‍ഷത്തോളം മസ്‌ജിദ്‌ ഖതീബായും മുദരിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1953 മുതല്‍ പിതാവ്‌ ആരംഭിച്ച മദ്രസ്സയായിരുന്നു പ്രാഥമിക പഠന കേന്ദ്രം. പഠനകാലത്തു തന്നെ മത സാമൂഹ്യ രംഗങ്ങളിലും ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പിതാവിനൊപ്പം നിന്ന്‌ ഏറെ അനുഭവ ജ്ഞാനം നേടിയ തങ്ങള്‍ ഫത്‌ഹുല്‍ മുഈന്‍ അടക്കമുള്ള കര്‍മ്മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചതും പിതാവില്‍ നിന്നു തന്നെയായിരുന്നു.
കേരളത്തില്‍ കൊല്ലം ജില്ലയിലാണ്‌ പിതാവിന്റെ പരമ്പര എന്നതിനാല്‍ നാല്‌ വര്‍ഷത്തോളം പള്ളിമുക്കിലും തങ്ങള്‍ താമസമാക്കിയിരുന്നു. 1978 ല്‍ ബഹ്‌റൈനിലെത്തിയ തങ്ങള്‍ ഇന്ന്‌ വിവിധ ഏരിയകളിലും മസ്‌ജിദുകളിലും സ്ഥാപനങ്ങളിലും സ്ഥിരമായി ക്ലാസ്സുകള്‍ നടത്തി വരുന്നുണ്ട്‌. വിവിധ പൊതു പരിപാടികള്‍ക്കും മറ്റു സ്വകാര്യ ചടങ്ങുകള്‍ക്കും പുറമെയാണിത്‌.
മലയാളത്തിനും അറബിക്‌, ഫാര്‍സി തുടങ്ങിയ ഗള്‍ഫിലെ ഭാഷകള്‍ക്കും പുറമെ തമിഴ്‌, ഉറുദു, ഇംഗ്ലീഷ്‌, ഹിന്ദി, തുടങ്ങിയ ഇതര ഭാഷകളില്‍ കൂടിയുള്ള തങ്ങളുടെ കഴിവും സംസാര വൈഭവവും തങ്ങളുടെ പഠിതാക്കളുടെയും ശ്രോതാക്കളുടെയും ബാഹുല്ല്യത്തിന്‌ കാരണമാകുന്നുണ്ട്‌. വിവിധ ഭാഷക്കാര്‍ക്കു വേണ്ടി നടത്തുന്ന സ്ഥിരം ക്ലാസ്സുകളില്‍ തമിഴ്‌ഭാഷയില്‍ മനാമ അബൂബക്കര്‍ മസ്‌ജിദില്‍ നടന്നുവരുന്ന ക്ലാസ്സ്‌ ശ്രദ്ധേയമാണ്‌. 1986 മുതല്‍ ആരംഭിച്ച ക്ലാസ്സ്‌ ഇന്നും മുടക്കമില്ലാതെ വാരാന്ത്യങ്ങളില്‍ തുടരുന്നുണ്ട്‌. മറ്റു ഭാഷകളിലും ഇടക്കിടെ ക്ലാസ്സുകള്‍ നടക്കുന്നുണ്ട്‌. വിദേശത്തെത്തിയെങ്കിലും ക്ലാസ്സുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പുറമെ തന്റെ വൈജ്ഞാനിക മണ്‌ഢലം വിപുലീകരിക്കുന്നതില്‍ തങ്ങള്‍ അതീവ ശ്രദ്ധയാലു ആണ്‌. ബഹ്‌റൈനിലെ പ്രമുഖ അറബി പണ്‌ഢിതരിലൂടെ നേടിയ വൈവിധ്യമാര്‍ന്ന വൈജ്ഞാനിക ശാഖകള്‍ തന്നെ ഇതിനുദാഹരണമാണ്‌.
ഇസ്ലാമില്‍ വിശുദ്ധ ഖുര്‍ആനിനു ശേഷം രണ്ടാം പ്രമാണമെന്നറിയപ്പെടുന്ന ഹദീസിലെ സ്വഹീഹ്‌ ബുഖാരിയില്‍ രിവായത്ത്‌(ബിരുദം) നേടിയത്‌ ബഹ്‌റൈനിലെ ശൈഖ്‌ സുബ്‌ഹി സാംറായി അല്‍ ബാഗ്‌ദാദിയില്‍ നിന്നാണ്‌. കൂടാതെ ശൈഖ്‌ അബ്‌ദുറശീദ്‌ സൂഫി എന്നപണഢിതനിലൂടെ ഏഴു രീതിയിലുള്ള ഖുര്‍ആന്‍ പാരായണത്തിലും തങ്ങള്‍ അവഗാഹം നേടിയിട്ടുണ്ട്‌. വിവിധ മദ്‌ഹബുകളിലുള്ള പാണ്‌ഢ്യത്ത്യത്തിനു പുറമെ ഏറെ സങ്കീര്‍ണ്ണമായ അനന്തരാവകാശ നിയമ(ഫറാഇള്‌) പഠനത്തിലും തങ്ങള്‍ വൈദഗ്‌ദ്യം നേടിയിട്ടുണ്ട്‌. കഴിഞ്ഞ മുപ്പതു വര്‍ഷമായി മനാമയിലെ കാനൂ ആസ്ഥാനത്ത്‌ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുന്ന തങ്ങള്‍ തന്റെ ഒഴിവു സമയം മുഴുവന്‍ മത വൈജ്ഞാനിക മേഖലകളിലെ സേവനങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്‌. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഏരിയകള്‍ തോറും സംഘടിപ്പിച്ചു വരുന്ന വിവിധ പരിപാടികളിലും പ്രാര്‍ത്ഥനാ സദസ്സുകളിലും സ്ഥിരസാന്നിധ്യമായ തങ്ങള്‍ മിക്ക ദിവസങ്ങളിലും സമൂഹ പ്രാര്‍ത്ഥനയടക്കമുള്ള ആത്മീയ സദസ്സുകള്‍ കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിയും. ബഹ്‌റൈനിലെ മത സാമൂഹിക സാസ്‌കാരിക രംഗത്ത്‌ നിരവധി മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കും പിന്നില്‍ വര്‍ത്തിച്ച തങ്ങള്‍ക്ക്‌ സുന്നി ഔഖാഫിന്റെയും ബഹ്‌റൈന്‍ ഇസ്ലാമിക്‌ നീതിന്യായ വകുപ്പിന്റെതടക്കമുള്ള പ്രശസ്‌തി പത്രങ്ങളും ദഅ്‌വാ അനുമതിപത്രവും ലഭിച്ചിട്ടുണ്ട്‌.
ബഹ്‌റൈനിലെ മലയാളികളായ ബഹുഭൂരിപക്ഷം മുസ്ലിംകളും അണിനിരക്കുന്ന സമസ്‌ത കേരള സുന്നി ജമാഅത്ത്‌, മത സാമൂഹിക സാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന തങ്ങളുടെ സേവനത്തെ പ്രകീര്‍ത്തിച്ച്‌ പ്രത്യേക ഉപഹാരം നല്‍കി ആദരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സമസ്‌ത കേന്ദ്ര കമ്മറ്റിയുടെ പ്രസിഡന്റ്‌ ബഹ്‌റൈനിലെത്തുന്ന സാഹചര്യത്തിലേക്ക്‌ ആദരിക്കല്‍ ചടങ്ങ്‌ നീട്ടിവെക്കുകയായിരുന്നു. മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെച്ചു നടന്ന സമസ്‌ത ആദര്‍ശ വിശദീകരണ ചടങ്ങില്‍ വെച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരാണ്‌ തങ്ങള്‍ക്ക്‌ ഉപഹാരം നല്‍കി ആദരിച്ചത്‌.
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംങ്‌ പ്രസിഡന്റ്‌ അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.വൈ.എസ്‌ കേരള സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ജന.സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും വിവിധ ഏരിയാ പ്രതിനിധികളും പോഷക സംഘടനാ സാരഥികളും ചടങ്ങില്‍ സംബന്ധിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി സ്വാഗതവും സമസ്‌ത ജോ.സെക്രട്ടറി ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.