Latest News

ഏഴു വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ കാല്‍ ജനക്കൂട്ടം തല്ലിയൊടിച്ചു

തലശേരി: കതിരൂര്‍ മലാലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി മലാലിലെ ശ്രീജി നിവാസില്‍ ശ്രീധരനെതിരേ (56) 376-ാം വകുപ്പ് പ്രകാരം ബലാത്സംഗകുറ്റം ചുമത്തി കതിരൂര്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പോലീസ് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. പ്രകോപിതരായ ജനം പ്രതിയുടെ വീടാക്രമിക്കുകയും വലതുകാല്‍ തല്ലിയൊടിക്കുകയും ചെയ്തു.
മര്‍ദനത്തില്‍ പരിക്കേറ്റ് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്നുമാസമായി നടക്കുന്ന പീഡനവിവരം തിങ്കളാഴ്ചയാണ് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി സഹപാഠികളോടു പറഞ്ഞതിനെ തുടര്‍ന്നു വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിയുടെ പേരക്കുട്ടിയോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടിയെ മിഠായിയും നാരങ്ങയും മറ്റുംനല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു.
അന്യസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ മാതാവ് അയല്‍വാസികളായ സ്ത്രീകളുടെ സഹായത്തോടെ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞു നാട്ടുകാര്‍ ഉച്ചയോടെ ശ്രീധരന്‍ ജോലിചെയ്യുന്ന എരഞ്ഞോളി കണ്ടിക്കലിലെ വര്‍ക്‌ഷോപ്പിലെത്തിയായിരുന്നു ഇയാളുടെ കാല്‍ തല്ലിയൊടിച്ചത്. തുടര്‍ന്നു വീടാക്രമിച്ച ജനക്കൂട്ടം ടിവി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും പറമ്പില്‍ കൂട്ടിയിട്ടിരുന്ന തേങ്ങ കിണറ്റിലെറിയുകയും ചെയ്തു.
അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ ഓടി രക്ഷപ്പെട്ടു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വീടാക്രമിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.