Latest News

കൊടി തോരണങ്ങളും ബോര്‍ഡും 15നകം നീക്കണം: സര്‍വകക്ഷി സമാധാന യോഗം

കീഴൂരില്‍ നടന്ന മാനവ സൗഹൃദ സംഗീത സായാഹ്നം ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: ജില്ലയില്‍ പൊതുസ്ഥലങ്ങളിലും റോഡരികിലും സ്ഥാപിച്ചിട്ടുളള കൊടി തോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെയുളളവ മാര്‍ച്ച് 15നകം നീക്കം ചെയ്യാന്‍ കളക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗം തീരുമാനിച്ചു.
പതിനഞ്ചിനകം രാഷ്ട്രീയ കക്ഷികളും, സംഘടനകളും തോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തില്ലെങ്കില്‍ പി.ഡ്ബള്യു.ഡി., റവന്യു, പോലീസ് സംയുക്ത സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ 31നകം നീക്കുകയും ബന്ധപ്പെട്ടവരില്‍ നിന്ന് ചെലവ് ഈടാക്കുകയും ചെയ്യും. മൂന്ന് ദിവസത്തിനകം വില്ലേജ്, താലൂക്ക് തലങ്ങളില്‍ സമാധാനയോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു. ഉദുമയില്‍ പ്രദേശിക സമാധാനയോഗം വിളിച്ചു ചേര്‍ക്കും. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന അനധികൃത ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊളിച്ചു നീക്കുകയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ ഏറ്റെടുക്കുകയോ വേണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതികള്‍ തീരുമാനമെടുത്ത് റിപോര്‍ട്ട് നല്‍കണം. ഇതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
പോലീസിന്റെ പ്രത്യേക നിരീക്ഷണം ആവശ്യമുളള പ്രദേശങ്ങളില്‍ ഒളിക്യാമറ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെയുളള പീഡനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ സമാധാന നടപടികള്‍ ശക്തിപ്പെടുത്താന്‍ ആത്മീയ നേതാക്കളുടെ പ്രത്യേക യോഗം വിളിക്കുന്നതിന് തീരുമാനിച്ചു. മണല്‍,മദ്യ മാഫിയക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. വ്യാജ മദ്യം തടയാന്‍ എക്‌സൈസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡും, പോലീസ് റെയ്ഡും ശക്തമാക്കും. പൊതുജനങ്ങളോടുളള പോലീസിന്റെ സമീപനം സൗഹാര്‍ദ പരമാകണമെന്നും അമിതാധികാരം ഉപയോഗിക്കരുതെന്നും നിര്‍ദേശം ഉയര്‍ന്നു.
കാസര്‍കോട് താലൂക്കില്‍ ബസുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ മതം വ്യക്തമാക്കുന്ന ചിഹ്നങ്ങളും പേരുകളും ഒഴിവാക്കി നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. ആഘോഷവേളകളിലും മറ്റും അലങ്കരിക്കുമ്പോള്‍ മത സ്ഥാപനത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പരിമിതപ്പെടുത്തണെന്നും യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തണം. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗം ചര്‍ച ചെയ്തുവെന്നും കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും, വനിതകള്‍ക്കുമായി ബോധവല്‍ക്കരണം ഉള്‍പ്പെടെ പത്തിന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ സമാധാനം നിലനിര്‍ത്താന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.
എ.ഡി.എം.എച്ച് ദിനേശന്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ ചെര്‍ക്കളം അബ്ദുളല്ല, എം.സി.ഖമറുദ്ദീന്‍, എ.അബ്ദുര്‍ റഹ്മാന്‍, കെ.പി.സതീഷ് ചന്ദ്രന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, പിഎ.അഷറഫലി, ബാലകൃഷ്ണ വോര്‍ക്കുഡുലു, ടി.കൃഷ്ണന്‍, വി.കമ്മാരന്‍, ഹാജി എ.എം, മൊഗ്രാല്‍, പി.വി.മൈക്കിള്‍, ബി.എം.സുഹൈല്‍, ഷാഫി ചെമ്പരിക്ക, അസീസ് കടപ്പുറം, ഹമീദ്, അജിത്കുമാര്‍ ആസാദ്, കരിവെളളൂര്‍ വിജയന്‍, സി.എം,ജലീല്‍, യൂനുസ് തളങ്കര, എം.എച്ച്.ജനാര്‍ദ്ദനന്‍, മുനീര്‍ എ.എച്ച്,അബ്ദുല്‍ സലാം എന്‍.വി, മുജീബ്, ഹമീദ് കക്കണ്ടം, ബി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.