Latest News

സര്‍ക്കാര്‍ ഓഫീസിലെ പെട്ടിയില്‍ രത്നങ്ങളും സ്വര്‍ണാഭരണങ്ങളും

തിരുവനന്തപുരം. സര്‍ക്കാര്‍ ഓഫിസിലെ ആക്രികള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയ പെട്ടിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന രത്നങ്ങളും സ്വര്‍ണാഭരണങ്ങളും. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്റെ (കാഡ്കോ) തിരുവനന്തപുരത്തെ ഹെഡ് ഓഫിസിലാണു രേഖയില്‍പ്പെടാത്ത ഇവ കണ്ടെത്തിയത്.
പെട്ടി ട്രഷറിയില്‍ സൂക്ഷിക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തും. കാഡ്കോയുടെ വാര്‍ഷിക കണക്കെടുപ്പ് നടന്നപ്പോഴാണു ഹെഡ് ഓഫിസിലെ പഴയ പെട്ടികളും ഫര്‍ണിച്ചറും മറ്റും കിടക്കുന്നിടത്ത് ഒരു ലോക്കര്‍ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ലോക്കറില്‍ എന്താണെന്നോ താക്കോല്‍ എവിടെയാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. രേഖകളും കണ്ടെത്താനായില്ല. കാഡ്കോ മാനേജിങ് ഡയറക്ടറായിരുന്ന പി .എന്‍. ഹെന ഇക്കാര്യം വ്യവസായവകുപ്പിനെ അറിയിച്ചു. തുടര്‍ന്നു പെട്ടി തുറന്നു പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
ഇരുമ്പ് കൊണ്ടു നിര്‍മിച്ച വര്‍ഷങ്ങളുടെ പഴക്കമുള്ള പെട്ടി പൊളിക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കളാണ് ഉള്ളിലുള്ളതെങ്കില്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ആ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു തമിഴ്നാട്ടിലുള്ള ചെല്ലയ്യ എന്നയാളാണു ലോക്കര്‍ നിര്‍മിച്ചതെന്നു കണ്ടെത്തി. വ്യവസായവകുപ്പ് ഉദ്യാഗസ്ഥരുടെ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി. പെട്ടി തുറക്കാന്‍ സഹകരിക്കാമെന്നും തിരുവനന്തപുരത്ത് എത്താമെന്നും ചെല്ലയ്യ സമ്മതിച്ചു.
പൊലീസിന്റെയും ഉന്നത ഉദ്യാഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഈ വര്‍ഷം ജനുവരി 17നാണു ചെല്ലയ്യ പെട്ടി തുറന്നത്. 25 മിനിറ്റ് നേരത്തേ അധ്വാനത്തിനൊടുവില്‍ ചെല്ലയ്യ പെട്ടി തുറന്നപ്പോള്‍ അകത്ത് ഒരു താക്കോല്‍ക്കൂട്ടം കിട്ടി. ഇതുപയോഗിച്ചു ലോക്കറിനുള്ളിലെ മൂന്നു ചേംബറുകള്‍ തുറന്ന ഉദ്യാഗസ്ഥരെ കാത്തിരുന്നതു കണ്ണഞ്ചുന്ന കാഴ്ചയായിരുന്നു. പവിഴം, മരതകം, ഗോമേദകം എന്നിങ്ങനെ വിവിധയിനം അമൂല്യക്കല്ലുകളും സ്വര്‍ണാഭരണങ്ങളും മൂന്നു ചേംബറുകളിലായി കണ്ടെത്തുകയായിരുന്നു.
ഒരു നോട്ട്ബുക്കില്‍ പണം കൈമാറിയതിന്റെ രേഖകളും പെട്ടിയിലുണ്ടായിരുന്നു. 40,801 രൂപയ്ക്ക് ഇ.ജെ. അലക്സാണ്ടര്‍ ജാമ്യത്തില്‍ വച്ച ഡയമണ്ട് ഉരുപ്പടികള്‍ എന്ന പേരില്‍ ഒരു ബ്രൌെണ്‍ കവറിലാണു രത്നങ്ങളും അമൂല്യക്കല്ലുകളും സൂക്ഷിച്ചിരുന്നത്. ആഭരണങ്ങളുടെ മൂല്യനിര്‍ണം പൂര്‍ത്തിയായിട്ടില്ല. മോതിരവും കമ്മലുമായി കല്ലുകള്‍ പതിപ്പിച്ച സ്വര്‍ണം നാലു പവനോളമാണുള്ളത്. വിലയേറിയ അമൂല്യ കല്ലുകളാണു സ്വര്‍ണത്തില്‍ പതിപ്പിച്ചിരുന്നത് എന്നതിനാല്‍ മൂല്യനിര്‍ണത്തിനു കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ പതിനാലോളം അമൂല്യ കല്ലുകളും രണ്ടു നവരത്ന സെറ്റും ഉണ്ടായിരുന്നു. പരിശോധന മുഴുവനും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
കാഡ്കോ ജീവനക്കാരുടെ ഭാഗത്തു നിന്നു ഗുരുതരമായ അശ്രദ്ധയും വീഴ്ചയുമുണ്ടെന്നു കണ്ടെത്തിയ സമിതിയാണ് ഇതേക്കുറിച്ചു വിശദ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത്. ഉരുപ്പടികളുടെ മൂല്യനിര്‍ണയം മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്താനും ശുപാര്‍ശ ചെയ്തു. ആഭരണങ്ങള്‍ മന്ത്രിയുടെ ഉത്തരവിനെത്തുടര്‍ന്നു ട്രഷറിയിലേക്കു മാറ്റി. കാഡ്കോയുടെ ഓഫിസ് പ്രസ് ക്ളബ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായിരുന്നതാണ് ഇരുമ്പുപെട്ടിയെന്നാണ് അനുമാനം. പെട്ടിയെക്കുറിച്ചും താക്കോലിനെക്കുറിച്ചും അന്നത്തെ മാനേജിങ് ഡയറക്ടര്‍പി.എന്‍. ഹെന, മുന്‍ എംഡിമാരോടു ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ലായിരുന്നു.
(malayala manorama)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.